കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം, ദൃശ്യം സിസിടിവിയില്‍
കൊയിലാണ്ടി സ്റ്റേഡിയത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന സഹാറ ജ്വല്ലറിയിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്
കൊയിലാണ്ടി.സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ ആള്‍ ആഭരണം മോഷ്ടിച്ച് കടന്ന് കളഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന സഹാറ ജ്വല്ലറിയിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. ആഭരണമെടുക്കാനെന്ന വ്യാജേന ജ്വല്ലറിക്കകത്ത് കടന്ന ഇയാള്‍ ആഭരണങ്ങള്‍ സെലക്ട് ചെയ്യുകയാണെന്ന് ഭാവിക്കുന്നുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നേ നാല്പത്തിയഞ്ചോടടുത്താണ് സംഭവം.
കടയിലേക്ക് കയറി വന്ന ഉടനെ ഇയാള്‍ സെയില്‍സ് മാനോട് സ്വര്‍ണ്ണ ചെയിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സെയില്‍സ് മാന്റെ ശ്രദ്ധ തെറ്റിച്ച് തന്ത്ര പൂര്‍വ്വം ഇയാള്‍ മറ്റൊരു സ്വര്‍ണ്ണ പാദസരം തട്ടിയെടുത്തു. കടയില്‍ കുറച്ച് നേരം ചെലവഴിച്ച ശേഷം ഇയാള്‍ പെട്ടന്ന് കടയില്‍ നിന്ന് പുറത്തേക്ക് പോയപ്പോള്‍ സംശയം തോന്നി കടയുടമ സിസിടിവി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മോഷണം നടന്നതായി ബോധ്യപ്പെട്ടത്.
കടയുടമ അബ്ദുറഹ്മാന്‍ ഉടനെ തന്നെ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. മോഷണം സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് കൊയിലാണ്ടി സിഐ സുനില്‍ കുമാര്‍ പറഞ്ഞു.പോലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണ്

