കാലിഗ്രാഫിയിൽ വിസ്മയം തീർത്ത് പതിമൂന്നുകാരി
ഖുർആനിക സൂക്തങ്ങൾ അതിമനോഹരമായി വരച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ് ഹയ

തുറയൂർ : തന്റെ ഉള്ളിലെ വരയ്ക്കാനുള്ള കഴിവിനെ അക്ഷരങ്ങളാൽ മനോഹര ദൃശ്യ വിസ്മയം തീർക്കുന്ന കാലിഗ്രഫിയിലേക്ക് എത്തുമെന്നൊന്നും ഹയ ഖലീൽ എന്ന പതിമൂന്നുകാരി ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.
ലോക്‌ഡൌൺ കാലം വരയുടെ വസന്തകാലമാക്കിയ ഹയ തുടക്കത്തിൽ അറബി കാലിഗ്രഫിയുടെ രൂപങ്ങളെ തന്റെ കൈകളാൽ രൂപപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. ഗൂഗിളിലൂടെ ഇത്തരം രൂപങ്ങൾ കണ്ടെത്തി വരച്ചു പഠിച്ചു. പതിയെ അതിമനോഹരവും എന്നാൽ അത്യന്തം സങ്കീർണവുമായ അറബി കാലിഗ്രഫി രൂപങ്ങളെ തനിക്കു വഴങ്ങുന്ന തരത്തിലേക്ക് ഒപ്പിയെടുക്കാനുള്ള അങ്ങേയറ്റത്തെ ശ്രമത്തിലായി. പതിയെ പതിയെ അതിമനോഹരമായ ദൃശ്യ വിസ്മയങ്ങൾ വളരെ അനായാസേന തന്റെ മുന്നിലുള്ള കടലാസിൽ കോറിയിടുകയായിരുന്നു ഹയ.
പരിശുദ്ധ ഖുർആനിക സൂക്തങ്ങൾ അതിമനോഹരമായ വിവിധ രൂപങ്ങളിൽ മലയാളി പെൺകുട്ടി വരച്ചിരിക്കുന്നത് കണ്ടാൽ ആരുമൊന്നു വിസ്മയിക്കും. സ്ത്രീകളെ കുറിച്ചുള്ള അതിഗഹനമായ ഒരു ഖുർആനിക സൂക്തം ഒരു സ്ത്രീയുടെ രൂപത്തിൽ തന്നെ സൃഷ്ടിച്ച് ഹയ കാലിഗ്രാഫിയിൽ തൻ്റെ മികവ് തെളിയിച്ചു.
ആരുടേയും പ്രേരണ കൂടാതെ തന്നെയാണ് ഹയ കാലിഗ്രഫിവരച്ചു പഠിക്കാൻ തുടങ്ങിയത് . ഹയയുടെ മനോഹരമായ ചില കാലിഗ്രഫികൾ പിതാവ് ഖലീൽ ഫേസ്ബുക്കിൽ പങ്കുവെച്ചതല്ലാതെ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. അറബിക് കാലിഗ്രഫി രംഗത്ത് വിസ്മയകരമായ കയ്യൊപ്പു ചാർത്തുകയാണ് കുവൈത് ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരിയായ ഈ പയ്യോളിക്കാരി.
തുറയൂർ സ്വദേശികളായ ഖലീൽ - ഷെഹര്ബാൻ ദമ്പതികളുടെ മകളാണ് ഹയ. ഒരു വർഷം കൊണ്ടാണ് ഹയ അറബിക് കാലിഗ്രഫിയെ തനിക്ക് വഴങ്ങുന്ന രീതിയിലേക്ക് സ്വംശീകരിച്ചത് . ഇനിയും കാലിഗ്രഫി മേഖലയിൽ ധാരാളം പഠിക്കാനും വരയ്ക്കാനും അതിന്റെ പൂർണ്ണതയെ തേടാനുമുള്ള ശ്രമത്തിലാണ് ഈ എട്ടാംക്ലസുകാരി .