പെരുവണ്ണാമൂഴി പോലീസ് സ്റേറഷന് ശാപ മോക്ഷം; പുതിയ കെട്ടിടം ഉടന്‍
പെരുവണ്ണാമുഴിയില്‍ കെട്ടിടം നിർമിക്കുന്നതിന് ജലവിഭവ വകുപ്പിന്റെ 50 സെന്റ് സ്ഥലം ആഭ്യന്തര വകുപ്പിന് കൈമാറിയുള്ള ഉത്തരവിറങ്ങി

പേരാമ്പ്ര: പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം എന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു. ഡാമിനടുത്തുള്ള ജലസേചന വകുപ്പിന്റെ പഴയ കെട്ടിടത്തിലായിരുന്നു വര്‍ഷങ്ങളോളം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു വന്നത്. ഈ കെട്ടിടം ജീർണിച്ചതോടെ പന്തിരിക്കര ടൗണിലുള്ള വാടക കെട്ടിടത്തിലേക്ക് സ്റ്റേഷന്‍ മാറ്റുകയായിരുന്നു. കെട്ടിടം നിർമിക്കുന്നതിന് ജലവിഭവ വകുപ്പിന്റെ 50 സെന്റ് സ്ഥലം ആഭ്യന്തര വകുപ്പിന് കൈമാറിയുള്ള ഉത്തരവിറങ്ങിക്കഴിഞ്ഞു.
പെരുവണ്ണാമൂഴിയില്‍ റോഡരികിലാണ് പുതിയ സ്ഥലം ലഭ്യമാക്കിയിരിക്കുന്നത്. പെരുവണ്ണാമൂഴി വന മേഖലയും പരിസരങ്ങളും മാവോയിസ്റ്റ് അധിനിവേശ പ്രദേശങ്ങളായി മാറിയതോടെയാണ് സ്റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കാനുള്ള ആവശ്യം സജീവമായത് .
ഇത് സംബന്ധിച്ച് സ്ഥലം എംഎല്‍എ, ടി പി രാമകൃഷ്ണൻ കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി ഐബിയിൽ റവന്യൂ ജലവിഭവ വകുപ്പുകളിലെ അധികൃതരുടെ യോഗം വിളിച്ചുചേർത്തിരുന്നു.സ്റ്റേഷന് വേണ്ടി സ്ഥലം വിട്ടു കൊടുക്കാനുള്ള നടപടി ഊര്‍ജ്ജിപ്പെടുത്തണമെന്ന് യോഗത്തില്‍ വച്ച് കലക്ടർ തേജ് ലോഹിത് റെഡ്ഡിയോട് എംഎൽഎ ആവശ്യപ്പെട്ടു.ഇതിനെ തുടർന്നാണ് സ്ഥലം കൈമാറാനുള്ള നടപടിയുണ്ടായത്.
പേരാമ്പ്ര മണ്ഡലത്തില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊന്ന് മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനാണ്. മേപ്പയ്യൂർ പൊലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കാൻ റവന്യൂ വകുപ്പിന്റെ കൈവശമുള്ള മഞ്ഞക്കുളത്തെ സ്ഥലം വിട്ടുകിട്ടാനുള്ള നടപടിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.