headerlogo
local

ഭൂമിയിൽ വിള്ളലുകൾ, ഭീതിയിൽ നാട്ടുകാർ; ക്വാറികൾ തുടങ്ങിയ ശേഷമുണ്ടായ മാറ്റം പഠിക്കണമെന്ന ആവശ്യം ശക്തം

ഈ മേഖലയിലെ സ്വാഭാവിക ജലസ്രോതസ്സുകൾ നാശത്തിന്റെ വക്കിലാണെന്നും നാട്ടുകാർ

 ഭൂമിയിൽ വിള്ളലുകൾ, ഭീതിയിൽ നാട്ടുകാർ; ക്വാറികൾ തുടങ്ങിയ ശേഷമുണ്ടായ മാറ്റം പഠിക്കണമെന്ന ആവശ്യം ശക്തം
avatar image

NDR News

09 Nov 2021 10:52 AM

ബാലുശ്ശേരി: വയലട മേഖലയിൽ ഭൂമിയിൽ വിള്ളലുകൾ കാണുന്നത് ആശങ്ക ഉയർത്തുന്നു. കണിയാങ്കണ്ടി ഭാഗത്താണു ഭൂമിയിൽ വിള്ളൽ കണ്ടെത്തിയത്. ഇതോടെ ഈ മേഖല നേരിടുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചു പഠനം നടത്തണമെന്ന ആവശ്യം ശക്തമായി. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാലാണു വയലട, തോരാട് മേഖലകളിൽ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നു നാട്ടുകാരിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നിയമപരമായ അനുമതികളോടെ രണ്ടു ക്വാറികളാണു വയലടയിൽ പ്രവർത്തിക്കുന്നത്. ക്വാറികൾ പ്രവർത്തനം തുടങ്ങിയ ശേഷം വയലടയിലും പരിസരങ്ങളിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ചു വിദഗ്ധ പഠനം നടത്തണണെന്നാണ് ഇവരുടെ ആവശ്യം.

      ബന്ധപ്പെട്ട വകുപ്പുകൾ നേരത്തെ നൽകിയ ഖനാനുമതികൾ പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. വയലട കോട്ടക്കുന്ന് മേഖലയെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. കഴിഞ്ഞയാഴ്ച തോരാട് വളവിൽ ഉരുൾപൊട്ടിയിരുന്നു. തലനാരിഴയ്ക്കാണ് അപായം ഒഴിവായത്. കഴിഞ്ഞ കാലവർഷത്തിലും ഈ മേഖലയിൽ പതിവില്ലാത്ത വിധം മലവെള്ളപ്പാച്ചിൽ ഉണ്ടായിരുന്നു. വനമേഖലയിലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമാണു മലവെള്ളപ്പാച്ചിലിനു കാരണമെന്നു നാട്ടുകാർ പറയുന്നു.

      വിള്ളൽ കണ്ടെത്തിയ സ്ഥലം വാർഡ് മെംബർ റംല ഹമീദിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ഈ ഭാഗത്തെ താമസക്കാർ റവന്യു അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. 2007ൽ തോരാട്, ഒരങ്കോകുന്ന് ഭാഗങ്ങളിൽ ഭൂമിയിൽ വിള്ളൽ കണ്ടെത്തിയിരുന്നു. ജ്യോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിദഗ്ധ സംഘം അന്ന് ഇവിടെ പരിശോധന നടത്തിയിരുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായാണ് അന്നു കണ്ടെത്തിയത്. ക്വാറികളിൽ നിന്നുള്ള മാലിന്യം അടിഞ്ഞുകൂടി ഈ മേഖലയിലെ സ്വാഭാവിക ജലസ്രോതസ്സുകൾ നാശത്തിന്റെ വക്കിലാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

NDR News
09 Nov 2021 10:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents