എയിംസ് സ്ഥാപിക്കുന്നതിന് കിനാലൂരില്‍ സ്വകാര്യ ഭൂമി കണ്ടെത്തി
ഭാവിയിലുള്ള വികസനം കൂടി ലക്ഷ്യമാക്കി 100ഓളം ഏക്കറോളം സ്ഥലം ഏറ്റെടുക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചത്

ബാലുശ്ശേരി.എയിംസിനായി കിനാലൂര്‍ കാന്തലാട് വില്ലേജില്‍ സ്വകാര്യ ഭൂമി റവന്യു വകുപ്പ് കണ്ടെത്തി. എയിംസ് ലഭ്യമാകുന്ന പക്ഷം വ്യവസായ വകുപ്പിന്റെ 140 ഏക്കര്‍ ഭൂമിക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ 60 ഏക്കറോളം സ്ഥലമാണ് റവന്യു വകുപ്പ് കണ്ടെത്തിയത്.കണ്ടെത്തിയ ഭൂമിക്ക് വില നിശ്ചയിച്ചിട്ടില്ല.
പുതുതായി കണ്ടെത്തിയ ഭൂമിയില്‍ നാല്പതോളം കുടുംബങ്ങള്‍ അധിവസിക്കുന്നുണ്ട്. ഭാവിയിലുള്ള വികസനം കൂടി ലക്ഷ്യമാക്കി 100ഓളം ഏക്കറോളം സ്ഥലം ഏറ്റെടുക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. വ്യവസായ വികസന കേന്ദ്രത്തിന്റെ തൊട്ട് കിടക്കുന്ന സ്വകാര്യ ഭൂമിയാണ് എയിംസിനായി കണ്ടെത്തിയിരിക്കുന്നത്. കേരളത്തിനനുവദിച്ച എയിംസ് കിനാലൂരില്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ എടുക്കുന്നത്.
കഴിഞ്ഞാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഭൂമിക്ക് വില പോലും നിശ്ചയിക്കുന്നതിന് മുമ്പേ തന്നെ സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് നാട്ടുകാര്‍ മന്ത്രിയെ അറിയിച്ചിരുന്നു. കാന്തലോട് കിനാലൂര്‍ വില്ലേജുകളില്‍ പെട്ട അറുപത് ഏക്കര്‍ സ്വകാര്യ ഭൂമി അടയാളപ്പെടുത്തി സ്കെച്ച് തയ്യാറാക്കിയിട്ടുണ്ട്.