കുരുടി മുക്കിൽ നെൽവയൽ-തണ്ണീർതടങ്ങൾ മണ്ണിട്ട് നികത്താൻ ശ്രമം; ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും - ഡി. കെ. ടി. എഫ്.
രാത്രിയുടെ മറവിലാണ് ഇത്തരം പ്രവൃത്തികൾ നടത്തുന്നത്

അരിക്കുളം: പഞ്ചായത്തിലെ കുരുടി മുക്കിൽ വ്യാപകമായി നെൽവയലുകളും തണ്ണീർ തടങ്ങളും മണ്ണിട്ട് നികത്താൻ സ്വകാര്യ വ്യക്തികൾ ശ്രമം നടത്തുന്നു. രാത്രിയുടെ മറവിലാണ് തണ്ണിർതടങ്ങൾ നികത്താനുള്ള മണ്ണ് ഇറക്കുന്നതുൾപ്പെടെയുള്ള പ്രവർത്തങ്ങൾ നടത്തുന്നത്. ഇത് പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയോടെയാണ്.
ഇതിനെതിരെ വില്ലേജ് ഓഫീസിലും കൃഷി ഓഫീസിലും പരാതി നൽകിയിട്ടും പരാതിയിന്മേൽ നടപടികൾ ഒന്നും തന്നെ ഇതേവരെ ഉണ്ടായിട്ടില്ല. ജീവൻ്റെ കുടിവെള്ളം മുട്ടിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.കെ.ടി.എഫ് അരിക്കുളം മണ്ഡലം കമ്മറ്റി അറിയിച്ചു.
സാധാരണക്കാരന് വീട് നിർമാണത്തിന് പോലും അഞ്ച് സെൻ്റ് സ്ഥലം നികത്താൻ പോലും തടയിടുന്ന ആളുകളാണ് റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് നെൽവയൽ നികത്തി വിൽപ്പന നടത്താൻ കൂട്ട് നിൽക്കുന്നത്. ഇതിന് ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്താനും ഡി.കെ ടി.എഫ് തീരുമാനിച്ചു.
മണ്ഡലം പ്രസിഡൻറ് റിയാസ് ഊട്ടേരി അധ്യക്ഷനായി. പപ്പൻ, പുതിയടത്ത് കുഞ്ഞിരാമൻ, കുറ്റിപുറത്ത് ചിത്തിര, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു