ഡാറ്റബാങ്കിൽപ്പെട്ട വയൽ നികത്തൽ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക - കിസാൻസഭ
രാത്രിയുടെ മറവിലാണ് വയൽ നികത്തൽ അടക്കമുള്ള പ്രവൃത്തികൾ നടത്തുന്നത്

കാരയാട്: അരിക്കുളം വില്ലേജിൽ കുരുടിമുക്കിൽ ഡാറ്റബാങ്കിൽ ഉൾപ്പെട്ട വയൽ നികത്തൽ തകൃതിയായി നടക്കുന്നു. കുരുടിമുക്കിൻ്റെ ഹൃദയഭാഗത്താണ് സ്വകാര്യവ്യക്തികൾ ഇത്തരത്തിൽ വയലുകൾ നികത്തുന്നത്. പ്രസ്തുത വയലിനോട് ചേർന്നു കിടക്കുന്ന റോഡരികിൽ ക്വാറിവേസ്റ്റ് ഇറക്കുകയും രാത്രിയുടെ മറവിൽ വയലിലേക്ക് നീക്കം ചെയ്യുകയുമാണ് ഇവിടെ നടക്കുന്നത്.
പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ വയൽ നികത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ കിസാൻസഭ അരിക്കുളം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
നികത്തിയ സ്ഥലത്തെ ക്വാറിവേസ്റ്റ് പൂർണ്ണമായും നീക്കം ചെയ്ത് പൂർവ്വസ്ഥിതിയിലേക്ക് മാറ്റാൻ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ ഇ. കെ. രാജൻ, കെ. കെ. രവീന്ദ്രൻ, ഇ. വേണു, വിശ്വനാഥൻ, ടി. എം. രാജൻ എന്നിവർ സംസാരിച്ചു.