ബാലുശ്ശേരി സ്കൂളിലെ ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ കോ ഓർഡിനേഷൻ കമ്മിറ്റി
തീരുമാനവുമായി മുന്നോട്ടുതന്നെയെന്ന് അധ്യാപകരും വിദ്യാർത്ഥികളും

ബാലുശ്ശേരി: ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധവുമായി കോ ഓർഡിനേഷൻ കമ്മിറ്റി. ‘വസ്ത്രസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ബാലുശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനത്തിന് മുന്നേ തന്നെ വൻ തോതിലുള്ള പ്രതിഷേധമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുതിയ യൂണിഫോമണിഞ്ഞ് കുറച്ചു കുട്ടികൾ സ്കൂളിലെത്തിയതോടെ, പ്രതിഷേധവുമായി എംഎസ്എഫ് പ്രവർത്തകരും രംഗത്തെത്തി. കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണിതെന്നുമാണ് എംഎസ്എഫിൻ്റെ ആരോപണം. എംഎസ്എഫ്, യൂത്ത് ലീഗ്, എസ്എസ്എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓർഡിനേഷൻ കമ്മിറ്റിയാണ് പ്രതിഷേധമാർച്ച് നടത്തുന്നത്.
ബാലുശ്ശേരി ഹയർ സെക്കന്‍ററി സ്കൂളിലെ പുതിയ പ്ലസ് വൺ ബാച്ചിലാണ് ഏകീകൃത യൂണിഫോം. 260 കുട്ടികളും ഇന്ന് മുതൽ ഏകീകൃതവേഷത്തിലാണ് സ്‌കൂളിൽ എത്തുക. എന്നാൽ ഈ യൂണിഫോം സൗകര്യപ്രദമാണെന്ന് കുട്ടികൾ അഭിപ്രായപ്പെടുന്നു.
രക്ഷിതാക്കൾക്കോ, കുട്ടികൾക്കോ ഇല്ലാത്ത ആശങ്കയാണ് ഇപ്പോൾ എതിർപ്പ് കാണിക്കുന്നവർക്കെന്നും സ്കൂൾ അധികൃതർ പറഞ്ഞു. പ്രതിഷേധങ്ങളുയരുന്ന സാഹചര്യത്തിലും മാതൃകയാവുന്ന തീരുമാനവുമായി മുന്നോട്ടുതന്നെയെന്നാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലപാട്.