ബാലുശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ജെൻഡർ ന്യൂട്രൽ യൂണിഫോം
പ്രതിസന്ധികൾക്കിടയിലും പദ്ധതിയുമായി മുന്നോട്ട്

ബാലുശ്ശേരി: ബാലുശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍, പെണ്‍ ഭേദമില്ലാതെയുള്ള യൂണിഫോം. സംസ്ഥാനത്ത് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളെക്കുറിച്ചുള്ള ചര്‍ച്ച സജീവമായ ഘട്ടത്തിലാണ് പി.ടി.എ. ഇത്തരമൊരു തീരുമാനമെടുക്കുന്നത്. തുടർന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചാണ് പുതിയ ഉദ്യമം നടപ്പിലാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ആര്‍. ഇന്ദു പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പ് ചൊവ്വാഴ്ച തന്നെ പാന്റ്‌സും ഷര്‍ട്ടുമണിഞ്ഞ് ഒട്ടേറെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനമുള്ള സ്‌കൂളിലെ പ്ലസ് വണ്‍ ബാച്ചിലാണ് യൂണിഫോം ഏകീകരിച്ചത്.
എന്നാൽ ഇതിനെതിരെ ഒരു വിഭാഗം ജനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രിൻസിപ്പലിനെ ഖരാവോ ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇത്തരം പ്രതിസന്ധികളെ മറികടന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.