ബാലുശേരിയിൽ നിന്നും വിദ്യാർത്ഥികളെ വിനോദ യാത്രയ്ക്ക് കൊണ്ടു പോയ വാൻ കൊക്കയിലേക്ക് മറിഞ്ഞു
നാടുകാണി ചുരത്തിൽ നിന്നാണ് വാൻ കൊക്കയിലേക്ക് മറിഞ്ഞത്

നിലമ്പൂർ: ബാലുശ്ശേരിയിൽ നിന്നും വിദ്യാർഥികൾ വിനോദ യാത്ര പോയ വാഹനം അപകടത്തിൽ പെട്ടു. ഊട്ടിയിലേക്ക് വിനോദ യാത്രയ്ക്ക് പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച വാനാണ് കൊക്കയിലേക്ക് മറിഞ്ഞത്. ബാലുശ്ശേരി കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. നാടുകാണി ചുരത്തിൽ വെച്ച് വാൻ നൂറടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാലുപേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ഗൂഢല്ലൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്കുകൾ ഗുരുതരമല്ല.
പുത്തൻ പിലാവ് ആദർശ് (20), കാപ്പിക്കുന്നുമ്മൽ ആൽവിൻ (20). കുന്നിക്കൂട്ടം അമൽ (20), കാപ്പിക്കുന്നുമ്മൽ അഭിനവ് (20) എന്നിവരാണ് നിലമ്പൂർ ജില്ലാ ആശുപതിയിൽ ചികിത്സ തേടിയത്. ശ്രീഹരി (25), പ്രസാദ് (20), നിഥിൻ (20) മിഥുൻ (20), അഭിനവ് (20) ആദർശ് (20) എന്നിവരെയാണ് ഗൂഢല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചുരത്തിൽ കേരള അതിർത്തി കഴിഞ്ഞ് തമിഴ്നാടിന്റെ ഭാഗത്ത് രണ്ട് കിലോമീറ്ററോളം ഉള്ളിലാണ് അപകടമുണ്ടായത്. പതിനൊന്ന് പേരാണ് വിനോദ യാത്രാ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ പത്ത് പേർ ബാലുശേരി സഹകരണ കോളേജിലെ വിദ്യാർത്ഥികളാണ്. ആൽവിൻ ഉള്ളിയേരി എം.ഡിറ്റ് കോളേജിലാണ് പഠിക്കുന്നത്. പുലർച്ചെ ആയിരുന്നതിനാൽ അപകടം ആളുകളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. അപകടത്തിൽ പെട്ടവരിൽ ചിലർ റോഡിലേക്ക് കയറി വന്ന് വാഹനങ്ങൾ തടഞ്ഞു നിർത്തി അപകട കാര്യം അറിയിക്കുകയായിരുന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് ബാക്കിയുള്ളവരെക്കൂടി മുകളിലേക്ക് എത്തിച്ചു.