വെള്ളിയൂരിൽ നീന്തൽകുളം യാഥാർത്ഥ്യമാവുന്നു
നീന്തൽക്കുളത്തിന്റെ പ്രവ്യത്തി ഉദ്ഘാടനം ടി. പി. രാമകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു

നൊച്ചാട്: വിദ്യാർത്ഥികൾക്ക് നീന്തൽ പഠിക്കാനും പരിശീലിക്കാനും വെള്ളിയൂരിൽ നീന്തൽ കുളം ഒരുങ്ങുന്നു. കുട്ടികളുടെ മുങ്ങിമരണം കേരളത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവർക്കും നീന്തൽ പഠനത്തിന് ഇപ്പോൾ ആവശ്യത്തിന് കുളങ്ങളോ മറ്റ് സംവിധാനങ്ങളോ ഇല്ല.
പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് ഗ്രാമ പഞ്ചായത്തുകൾ നീന്തൽ അറിയാമെന്ന സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. അത് പരിശോധിക്കാനുള്ള സംവിധാനം മിക്കവാറും പഞ്ചായത്തുകളിൽ ഇല്ല. ഇത് പഞ്ചായത്തുകൾക്ക് വളരെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായാണ് നീന്തൽകുളം നിർമ്മിക്കുന്നത്.
വെള്ളിയൂർ അങ്ങാടിയിൽ നിന്ന് നൂറ് മീറ്റർ ദൂരെയുള്ള വയലിലാണ് കുളം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2020 - 21 വർഷത്തെ പദ്ധതി വിഹിതമായ 50 ലക്ഷം രൂപയും ടി. പി. രാമകൃഷ്ണൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ഉപയോഗിച്ച് 40 സെന്റ് സ്ഥലത്താണ് കുളവും അനുബന്ധ നിർമ്മാണവും നടത്തുക. ഒന്നാം ഘട്ട പ്രവൃത്തികൾ മൈനർ ഇറിഗേഷൻ വകുപ്പും രണ്ടാം ഘട്ടം തദ്ദേശ സ്വയംഭരണ വകുപ്പ് എൻഞ്ചിനിയറിംഗ് വിഭാഗവും നേതൃത്വം നൽകും. നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് ഏറ്റെടുത്തത്.
നീന്തൽക്കുളത്തിന്റെ പ്രവ്യത്തി ഉദ്ഘാടനം ടി. പി. രാമകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അദ്ധ്യക്ഷത വഹിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എൻ. ശാരദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം. കുഞ്ഞിക്കണ്ണൻ, വാർഡ് മെമ്പർ ഷിജി കൊട്ടാരയ്ക്കൽ, എടവന സുരേന്ദ്രൻ, ആർ. പി. രവീന്ദ്രൻ, വി. എം. അഷറഫ്, കെ. അബ്ദുൾ ഹമീദ്, ലത്തിഫ് വെള്ളിലോട്ട്, എം. കെ. ഫൈസൽ, കൊടക്കൽ ലത്തീഫ് എന്നിവർ സംസാരിച്ചു.