പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറുന്നതിനിടെ വടകര സ്വദേശിക്ക് കടിയേറ്റു
പുഴയോരത്തു കണ്ട പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറുന്നതിനിടെ യുവാവിന് കടിയേറ്റു

വാണിമേൽ: പുഴയോരത്തുകണ്ട പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറുന്നതിനിടെ യുവാവിന് കടിയേറ്റു. പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെയാണ് ടി. റംഷാദിന് (34) കടിയേറ്റത്. ഇദ്ദേഹം വടകര ആശുപത്രിയിൽ ചികിത്സതേടി.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വാണിമേൽപ്പുഴയുടെ കുനിയിൽ താഴെഭാഗത്താണ് പെരുമ്പാമ്പിനെകണ്ടത്. കെ.ടി. റംഷാദ്, കുനിയിൽ നിയാസ്, കളരിച്ചാലിൽ മുഹമ്മദ്, തയ്യുള്ളതിൽ സുഹൈൽ, കായിതിരിക്കൽ മുജീബ്, കുണ്ടലക്കണ്ടി ഹാരിസ്, കുറ്റിയിൽ നിസാർ, കളത്തിൽ ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പെരുമ്പാമ്പിനെ വന്ന് കൊണ്ടുപോകാൻ സാധിക്കുകയില്ലെന്ന മറുപടിയാണ് വനംവകുപ്പ് ഓഫീസിൽനിന്ന് നാട്ടുകാർക്ക് ലഭിച്ചത്. കുറ്റ്യാടി വനംവകുപ്പ് ഓഫീസിലെത്തിക്കാനായിരുന്നു നിർദേശം. ചാക്കിൽക്കെട്ടിയ പെരുമ്പാമ്പിനെ നാട്ടുകാർ ചേർന്ന് പ്രത്യേക വാഹനത്തിൽ കുറ്റ്യാടിയിലെത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി