ചേനോളിയിൽ ജലനിധി പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി
ചേനോളിയിലെ കുന്നുമ്മൽ ഭാഗത്താണ് ജലവിതരണം തടസ്സപ്പെട്ടത്

പേരാമ്പ്ര: ചേനോളിയിൽ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി. ചേനോളി ഇല്ലത്തുപാറ- കളോളിപ്പൊയിൽ - കക്കാട് റോഡിൽ കുന്നുമ്മൽ ഭാഗത്താണ് ജലവിതരണം തടസ്സപ്പെട്ടത്. സ്വകാര്യ സ്ഥലത്തുനിന്ന് മണ്ണെടുത്തത് കാരണമാണ് ജലവിതരണ പൈപ്പ് പൊട്ടി വിതരണം തടസ്സപ്പെട്ടത്. ഇല്ലത്തുപാറ ജലനിധി കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈനാണ് പൊട്ടിയത്. മണ്ണെടുക്കുന്നത് കാരണം ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിർമിച്ച റോഡിലും മണ്ണ് വീണു കിടക്കുകയാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.
കുടിവെള്ളപൈപ്പ് നന്നാക്കാനും റോഡിലെ മണ്ണുമാറ്റാനും നടപടി സ്വീകരിക്കണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രൻ ആവശ്യപെട്ടു.