നെൽകൃഷി വികസനത്തിനായി കുറ്റ്യാടിയിൽ സമഗ്രവികസന പദ്ധതി
വികസന പദ്ധതിയുടെ ഭാഗമായി കെ പി കുഞ്ഞമ്മത് കുട്ടി എം എൽ എ കർഷകരുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചുചേർത്തു.

കുറ്റ്യാടി : നിയോജക മണ്ഡലത്തിലെ സമഗ്ര നെൽക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി കർഷകരുടേയും ജനപ്രതിനിധികളുടേയും യോഗം
കെ പി കുഞ്ഞമ്മത് കുട്ടി എം എൽ എ വിളിച്ചുചേർത്തു. ആയഞ്ചേരി കോൾനിലത്തിലെ വെള്ളക്കെട്ടും പായലും നീക്കംചെയ്ത് മുഴുവൻ നെൽപ്പാടങ്ങളും കൃഷി യോഗ്യമാക്കുന്നതിന് തോട് നവീകരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ശനിയാഴ്ച്ച ചേർന്ന യോഗത്തിൽ തീരുമാനമായി. മൈനർ ഇറിഗേഷൻ വിഭാഗമാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.
കുന്നോത്ത് - കരുവോത്ത്താഴതോട്, വാണിയം പറമ്പ്-തോണിച്ചാൽ തോട്, നിട്ടാം തുരുത്തി നടുത്തോട്, പാലയാട്ട് താഴനടുത്തോട്, തറമൽ താഴതോട്, കുളങ്ങരത്ത് താഴതോട്, വാളാഞ്ഞിതാഴതോട് എന്നിവ പുനരുജ്ജീവിപ്പിക്കാനും പ്രധാനതോടുമായി ബന്ധിപ്പിക്കുന്ന ചെറിയതോടുകൾ നിർമിക്കാനുള്ള പദ്ധതികൾക്കാണ് പ്ലാൻ തയ്യാറാക്കുന്നത്.
കർഷകർക്ക് വയലുകളിൽ യന്ത്രങ്ങൾ എത്തിക്കുന്നതിനും കൊയ്ത നെല്ലുകൾ കരയിലെത്തിക്കുന്നതിനും ആവശ്യമായ ഫാം റോഡുകളും ഉൾപ്പെടുന്നതാണ് സമഗ്രപദ്ധതി.