മർക്കസ് നോളജ് സിറ്റി അപകടം; കെട്ടിടം പണി തുടങ്ങാൻ അനുമതി നൽകിയില്ലെന്ന് പഞ്ചായത്ത് അധികൃതർ
നിർമാണ ചട്ടങ്ങൾ പാലിക്കാത്തതിനാൽ പഞ്ചായത്ത് അനുമതി നിഷേധിക്കുകയായിരുന്നു

കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിൽ അപകടമുണ്ടാക്കിയ കെട്ടിടത്തിന് നിർമാണം തുടങ്ങാൻ അനുമതിയില്ലായിരുന്നെന്ന് പഞ്ചായത്ത് അധികൃതർ. നിരവധി തവണ പഞ്ചായത്തിൽ ഇത് സംബന്ധിച്ച അപേക്ഷ നൽകിയിട്ടും നിർമാണ ചട്ടങ്ങൾ പാലിക്കാത്തതിനാൽ അനുമതി നിഷേധിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
നോളജ് സിറ്റിയുടെ ഫിനിഷിങ് സ്കൂളിന്റെ കെട്ടിട നിർമാണത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ നടന്ന അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ കോൺക്രീറ്റ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് 59 പേർ ജോലിക്കെത്തിയിരുന്നു. പരിക്കേറ്റ 19 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേരെ ഇഖ്റ ആശുപത്രിയിലും രണ്ട് പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
കോൺക്രീറ്റിനായി ഉറപ്പിച്ച ഇരുമ്പ് തൂൺ തെന്നിമാറിയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ വിവിധ ആശുത്രിയിലേക്ക് കൊണ്ടുപോയി. സ്ഥലത്ത് ഇങ്ങനെയൊരു നിർമാണ പ്രവർത്തനം നടക്കുന്നതായി തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതരും പ്രതികരിച്ചു.