തേനാക്കുഴി സമീപപ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം
ഇരുചക്ര വാഹനങ്ങൾക്കുനേരെയുള്ള പന്നികളുടെ ആക്രമണം പതിവാകുന്നു

ബാലുശ്ശേരി : തേനാകുഴി പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ഇവയുടെ ശല്യം കാരണം കൃഷി ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ.
പുലർച്ചെയും, രാത്രിയും യാത്രചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാർ കാട്ടുപന്നിയുടെ അക്രമത്തിന് ഇരയാകുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ബാലുശ്ശേരി താമരശ്ശേരി സ്റ്റേറ്റ് ഹൈവെയിൽ തേനാകുഴി ഭാഗത്തുകൂടെ റോഡ് ക്രോസ് ചെയ്യുന്ന കാട്ടുപന്നി വാഹനങ്ങളിൽ ഇടിക്കുന്നതും പതിവായിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെയോടെ ഏകരൂലിൽ ഹോട്ടൽ നടത്തുന്ന വ്യക്തിയുടെ സ്കൂട്ടറിൽ പന്നി ഇടിക്കുകയും നിലത്തുവീണ അദ്ദേഹത്തെ പന്നി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ആ സമയം അതുവഴി വന്ന ടിപ്പർ ഡ്രൈവർ പന്നിയെ ഓടിക്കുകയും സ്കൂട്ടർ യാത്രകാരനെ രക്ഷപെടുത്തുകയും ചെയ്തു. കാട്ടുപന്നിയെ ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ വെടിവെച്ചുകൊല്ലുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല എന്നാണ് നാട്ടുകാരുടെ അഭിപ്രായം.