ബൈപ്പാസ് നിർമാണത്തിൻ്റെ മറവിൽ സമീപത്തെ തണ്ണീർത്തടങ്ങൾ നികത്തുന്നതായി പരാതി
ബൈപാസിൻ്റെ സമീപസ്ഥലങ്ങളും മണ്ണിട്ട് നികത്താനുള്ള ശ്രമം കുറച്ചുകാലമായി നടക്കുന്നതായാണ് വിവരം
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് നിർമാണത്തിന്റെ മറവിൽ സമീപത്തെ തണ്ണിർത്തടം നികത്തുന്നതായി പരാതി. പേരാമ്പ്ര പൈതോത്ത് റോഡിനുസമീപം ബൈപ്പാസ് കടന്നുപോകുന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം തണ്ണീർ തടം മണ്ണിട്ട് നികത്താൻ തുടങ്ങിയത്.
പഞ്ചായത്തംഗം വിനോദ് തിരുവോത്തും സി.പി.ഐ. പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഏതാനും ലോഡ് മണ്ണിറക്കിയതിനുശേഷം സംഘം പിൻവാങ്ങുകയായിരുന്നു. പേരാമ്പ്ര കക്കാട് മുതൽ കല്ലോട് വരെ 12 മീറ്റർ വീതിയിൽ 2.768 കിലോമീറ്റർ ദൂരത്തിലാണ് ബൈപ്പാസ് നിർമിക്കുന്നത്. മേഞ്ഞാണ്യം, എരവട്ടൂർ വില്ലേജിൽ 3.7534 ഹെക്ടർ ഭൂമി ബൈപ്പാസിനായി ഏറ്റെടുത്ത സ്ഥലത്തിൽ ഭൂരിഭാഗവും വയൽ, തണ്ണീർത്തട പ്രദേശങ്ങളാണ്. ഇതോടെ സമീപസ്ഥലങ്ങളും നികത്താനുള്ള ശ്രമം കുറച്ചുകാലമായി നടക്കുന്നതായാണ് വിവരം.
പേരാമ്പ്ര എൽ.ഐ.സി.ക്ക് പിൻഭാഗങ്ങളിലും ചെമ്പ്ര റോഡിനടുത്ത് സുരഭി റോഡിന് സമീപവും കഴിഞ്ഞവർഷം ആദ്യം വലിയരീതിയിൽ മണ്ണിട്ട് നികത്തിയിരുന്നു. പരാതികളെത്തുടർന്ന് എരവട്ടൂർ, മേഞ്ഞാണ്യം വില്ലേജ് അധികൃതർ സ്ഥലത്തെത്തി മണ്ണെടുത്തുമാറ്റാൻ നിർദേശം നൽകിയിരുന്നു. എന്നാൽ മണ്ണ് മാറ്റിയില്ലെന്നു മാത്രമല്ല, ഇതേവരെ ഒരു നടപടിയും റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

