കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കർശന കോവിഡ് നിയന്ത്രണങ്ങൾ; നാളെ മുതൽ ജനറൽ ഒപി മാത്രം
ആശുപത്രിയിലെ ജീവനക്കാർക്ക് ഉൾപ്പെടെ രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് നടപടി
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ ജനറൽ ഒ.പി. മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് വ്യാപന സാഹചര്യത്തിൽ നടന്ന ജില്ലാതല യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ മറ്റു വിഭാഗങ്ങളിൽ ചികിത്സ ലഭ്യമാകില്ല.
ആശുപത്രിയിലെ ജീവനക്കാരിലടക്കം രോഗവ്യാപനം ശക്തമായ സാഹചര്യത്തിലാണ് നടപടി. നാല് ഡോക്ടർമാർ അടക്കം പതിനാറ് ആശുപത്രി ജീവനക്കാരാണ് നിലവിൽ കോവിഡ് പോസിറ്റീവായിട്ടുള്ളത്. വീട്ടിൽ കോവിഡ് രോഗികളുള്ള സാഹചര്യത്തിൽ ജോലിക്കെത്താൻ കഴിയാത്തവരുമുണ്ട്.
രോഗലക്ഷണങ്ങൾ കാണുന്നവർ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ആശുപത്രിയിലേക്ക് എത്തേണ്ടത്തുള്ളൂവെന്നും അല്ലാത്തവർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

