headerlogo
local

അപകടക്കെണിയൊരുക്കി ജപ്പാൻ കുടിവെള്ള പദ്ധതി; ഇരിങ്ങത്ത് - നരക്കോട് - കുരുടിമുക്ക് റോഡ് ശോചനീയാവസ്ഥയിൽ

പുതുക്കി പണിത് മാസങ്ങൾ തികയും മുമ്പേയാണ് റോഡുകൾ വെട്ടിപ്പൊളിക്കുന്നത്

 അപകടക്കെണിയൊരുക്കി ജപ്പാൻ കുടിവെള്ള പദ്ധതി; ഇരിങ്ങത്ത് - നരക്കോട്  - കുരുടിമുക്ക് റോഡ് ശോചനീയാവസ്ഥയിൽ
avatar image

NDR news

02 Feb 2022 08:35 PM

മേപ്പയൂർ : പേരാമ്പ്ര എം എൽ എയും മുൻ മന്ത്രിയുമായിരുന്ന, ടി. പി. രാമകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ട് വഴി കോടികൾ മുടക്കി നവീകരിച്ച, ഇരിങ്ങത്ത് - നരക്കോട് - കുരുടിമുക്ക് റോഡിൽ പണി പൂർത്തിയായി മാസങ്ങൾ തികയുന്നതിന് മുമ്പ് തന്നെ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി, ജെസിബി ഉപയോഗിച്ച് കുഴിയെടുത്തിരുന്നു. രണ്ടു ഭാഗങ്ങളിലേക്കും വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ ആവശ്യമായ വീതിയിൽ ട്രാക്ക് വരച്ചും സൈഡിലും മറ്റും റിഫ്ലക്ടർ കട്ടകൾ ഘടിപ്പിച്ചും മനോഹരമായി നിർമ്മിച്ച റോഡിൽ, ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി, പൈപ്പ് ഇടാൻ വെട്ടിപ്പൊളിച്ച റോഡിന്റെ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. 

     റോഡിന്റെ ഇരുവശങ്ങളിലും ആവശ്യത്തിന് വീതി ഉണ്ടായിട്ടും സാമ്പത്തിക ലാഭം ലക്ഷ്യം വെച്ചാണ് ഈ റോഡിൽ അടക്കം ജെസിബി ഉപയോഗിക്കുന്നത്. അതുകാരണം ആയിരങ്ങൾ മുടക്കി റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ച റിഫ്ലക്ടർ കട്ടകൾ അടക്കം മണ്ണിനടിയിലാകുന്നു. മറ്റു പദ്ധതികൾക്ക് വേണ്ടി റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നാൽ, പഴയ പോലെ പുനർനിർമ്മിക്കണമെന്നാണ് നിയമം. എന്നാൽ അധികൃതരുടെയും മറ്റും കണ്ണിൽ പൊടിയിടുന്നതും അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലുമാണ് ഇപ്പോൾ ഈ റോഡിൽ റീ ടാറിംഗ് ചെയ്യുന്നത്. റോഡിന്റെ ഭംഗി തന്നെ നഷ്ടപ്പെടുത്തുന്ന രീതിയിൽ റോഡിനെക്കാൾ ഏറെ കനത്തിലും വൃത്തിയില്ലാതെയും ചെയ്യുന്ന തട്ടിക്കൂട്ട് ടാറിംഗ് പ്രവൃത്തികൾ ബൈക്ക് യാത്രക്കാരെയടക്കം അപകടത്തിൽ ചാടിക്കും എന്ന കാര്യം ഉറപ്പാണ്.

      ഈ റോഡിന്റെ തുടർച്ചയായ കുരുടിമുക്ക് - നടുവണ്ണൂർ 

റോഡ് കഴിഞ്ഞ യു ഡി എഫ് സർക്കാർ കാലത്ത് പ്രത്യേക ഫണ്ട് അനുവദിച്ച് വീതി കൂട്ടി പുനർനിർമ്മിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺടാക്ട് ആയിരുന്നു പ്രവൃത്തി ഏറ്റെടുത്തു നടത്തിയത്. ആ ഗുണമേന്മ കൊണ്ടുതന്നെ റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നുണ്ട്. അതിന്റെ തുടർച്ചയായി, അതെ നിലവാരത്തിൽ കുരുടിമുക്ക് മുതൽ ഇരിങ്ങത്ത് വരെയുള്ള ഭാഗം കൂടി വീതി കൂട്ടി പുനർനിർമ്മിച്ചതോടെ, ഈ റോഡ് പയ്യോളി, തുറയൂർ മണിയൂർ മേപ്പയ്യൂർ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് നടുവണ്ണൂർ- ഉള്ളിയേരി- അത്തോളി വഴി കോഴിക്കോട് നഗരത്തിൽ എത്താനുള്ള ഒരു ബൈപാസ് ആയി മാറി. ട്രാഫിക് ബ്ലോക്ക് പതിവായ കൊല്ലം, കൊയിലാണ്ടി നഗരങ്ങളെ ആശ്രയിക്കാതെ കോഴിക്കോട് നഗരത്തിൽ എത്താൻ കഴിയും എന്നതാണ് ഈ റോഡിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. ചരിത്രപ്രസിദ്ധമായ പിഷാരികാവ് ഉത്സവം പോലുള്ള ആഘോഷ സമയങ്ങളിലും ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിടുമ്പോൾ ഈ വഴിയാണ് വാഹനങ്ങൾ തിരിച്ചു വിടുന്നത്. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കടക്കം പോകുന്ന ആംബുലൻസുകളും ഈ റോഡിനെ ആശ്രയിക്കുന്നു. ഇതെല്ലാം ഇരിങ്ങത്ത് നടുവണ്ണൂർ റോഡ് ഏറ്റവും തിരക്കേറിയ ഗ്രാമീണ റോഡുകളിൽ ഒന്നായി മാറ്റി.

      ഇതേ റോഡിൽ തറമ്മൽ അങ്ങാടിയിലെ അപകടം വരുത്തുന്ന ഹമ്പിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടുവണ്ണൂർ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തിരുന്നു. തുടർന്ന് പ്രമുഖ പത്രങ്ങളും ആ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ കാര്യങ്ങളിൽ അധികൃതരുടെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെയും ഈ റോഡിനെ ആശ്രയിക്കുന്നവരുടെയും ആവശ്യം.

NDR news
02 Feb 2022 08:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents