കോടഞ്ചേരി ടൗണിൽ വൻ ദുരന്തം ഒഴിവാക്കിയ ഷാജിവർഗീസിന് രാഹുൽ ഗാന്ധിയുടെ ആദരം
ഷാജിയുടെ മനസ്സാന്നിധ്യം കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്
കോടഞ്ചേരി: മനസാന്നിധ്യം കൊണ്ട് കോടഞ്ചേരി ടൗണിൽ വൻ ദുരന്തം ഒഴിവാക്കിയ ഷാജി വർഗീസിന് അഭിനന്ദനവുമായി രാഹുൽ ഗാന്ധി എം. പി. കഴിഞ്ഞ ദിവസം വൈക്കോലുമായി വയനാട്ടിൽ നിന്നെത്തിയ ലോറിക്ക് തീപിടിച്ചപ്പോൾ ഷാജി കാണിച്ച ധൈര്യമാണ് നാടിനെ രക്ഷിച്ചത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വയനാട്ടിൽ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. കോടഞ്ചേരി ടൗണിന് അടുത്തെത്തിയപ്പോഴാണ് വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടിനിർത്തി പുറത്തിറങ്ങുകയായിരുന്നു. ഇത് കണ്ട ഷാജി വർഗീസ് ഉടൻ ലോറിയിൽ പാഞ്ഞുകയറുകയും വാഹനം തൊട്ടടുത്ത സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. തുടർന്ന് ലോറി ഗ്രൗണ്ടിൽ ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടെല്ലാം ഗ്രൗണ്ടിൽ വീണു.
വൻ ദുരന്തം ഒഴിവാക്കിയ മനസ്സാന്നിധ്യത്തെയാണ് രാഹുൽ ഗാന്ധി പ്രശംസിച്ചത്. 'നിങ്ങളുടെ ധീരതയെയും ദീർഘവീക്ഷണത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഇത്തരം നിസ്വാർത്ഥ പ്രവൃത്തികളാണ് നമ്മെ സമൂഹമെന്ന നിലയില ഒന്നിപ്പിക്കുന്നത്. ഈ ഇടപെടലിലൂടെ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നേറാൻ നിങ്ങൾ പലരേയും പ്രചോദിപ്പിച്ചു.
ദൈനംദിന കാരുണ്യ പ്രവർത്തികളിലൂടെ തുടർന്നും പ്രവർത്തിക്കാൻ കഴിയട്ടെ എന്നും നിങ്ങളുടെ ഭാവി ഉദ്യമങ്ജളിൽ വിജയിക്കാൻ കഴിയട്ടെ', രാഹുൽ ഗാന്ധി ഷാജി വർഗീസിന് എഴുതി.

