ചക്കിട്ട പാറയിൽ സാംസ്കാരിക നിലയം തുറന്നു
കൊളത്തൂർ ആദിവാസി കോളനിയിലെ നാല്പതോളം കുട്ടികൾക്ക് പ്രയോജനം ലഭിക്കും

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ കൊളത്തൂർ ആദിവാസി കോളനിയിൽ സ്ഥാപിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രിയും പേരാമ്പ്ര എം.എൽ.എ.യുമായ ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടന ചടങ്ങിൽ ആധ്യക്ഷം വഹിച്ചു.
പട്ടിക വർഗ വികസന വകുപ്പ് അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ സ്ഥലത്താണ് സാംസ്കാരിക നിലയം സ്ഥാപിച്ചത്. നാല് മാസം കൊണ്ട് തന്നെ ഇതിന്റെ പണി പൂർത്തിയാക്കാൻ സാധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്. ചക്കിട്ടപാറ കൊളത്തൂർ ആദിവാസി കോളനിയിലെ വിദ്യാർത്ഥിളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് സാംസ്കാരിക നിലയം പണി കഴിപ്പിച്ചത്. സാംസ്കാരിക നിലയത്തിൽ കമ്പ്യൂട്ടർ, വൈ ഫൈ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കോളനിയിൽ താമസിക്കുന്ന നാല്പതോളം കുട്ടികൾക്കാണ് സാംസ്കാരിക നിലയത്തിന്റെ പ്രയോജനം ലഭിക്കുക.
കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള മാർഗ നിർദ്ദേശങ്ങൾ നല്കുന്നതിനും കേന്ദ്ര സംസ്ഥാന സർവീസിലും സ്വകാര്യ മേഖലയിലും ഉള്ള തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി സഹായിക്കാൻ ഒരു ആളെ നിയമിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബാബു, മെമ്പർമാരായ ഇ.എം. ശ്രീജിത്ത്, ചിപ്പി മനോജ്, വിനീത മനോജ്, ബിന്ദു സജി, രാജേഷ് തറവട്ടത്ത് , വിവിധ കക്ഷി പ്രതിനിധികളായ പി.സി സുരാജൻ, വർഗീസ്, പി.ടി.എം സന്തോഷ് എന്നിവർ സംസാരിച്ചു.