ആനപ്പാറ ക്വാറിയിൽ സംഘർഷം; പോലീസുകാർക്കും സമരാനുകൂലികൾക്കും പരിക്ക്
ലോറിയിൽ കല്ല് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ സമരക്കാർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്
മേപ്പയൂർ: ആനപ്പാറ ക്വാറിയിൽ സംഘർഷം. പോലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂവൻ കണ്ടി സുരേഷ്(53) ആണ് കസ്റ്റഡിയിലുള്ളത്.
ഇന്ന് പകൽ 11 മണിയോടെയാണ് സംഭവം. ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രക്ഷോപങ്ങളാണ് നടന്നു വരുന്നത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി തഹസിൽദാർ സി. പി. മണിയുടെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗവും ഫലം കാണാതെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ക്വാറി മാനേജരുടെ പരാതി പ്രകാരം രണ്ട് പേർക്കെതിരെ പോലീസ് വധശ്രമത്തിന് കേസ്സെടുത്തിരുന്നു.
ഇന്നു രാവിലെ ക്വാറിയിൽ നിന്നും കല്ലുമായി പോകുമ്പോഴാണ് സമരസമിതിയിലെ സ്ത്രീകളടക്കമുള്ളവർ തടയുകയായിരുന്നു. ലോറി തടഞ്ഞതോടെ പോലീസ് ഇടപെടുകയായിരുന്നു. തുടർന്ന് സംഘർഷമുണ്ടാവുകയും ചെയ്തു.
കൊയിലാണ്ടി എസ് ഐ എം. എൽ അനൂപ്, കെ. ടി. രഘു, എ.എസ്.ഐ. ടി. ദേവദാസ് എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. സമരസമിതിയിലെ കുനിയിൽ അജിഷ് (26)നെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

