headerlogo
local

മൂന്ന് വര്‍ഷമായി ഫറോക്ക് പാലത്തിനടിയില്‍ കഴി‍ഞ്ഞ യുവാവിനെ അഭയ കേന്ദ്രത്തിലെത്തിച്ചു

മീന്‍ പിടുത്തക്കാര്‍ നല്കുന്ന ഭക്ഷണം കഴിച്ചും സ്വന്തമായി ചൂണ്ടയിട്ടു കിട്ടുന്ന മീൻ ചുട്ട് കഴിച്ചുമാണ് കഴിഞ്ഞത്

 മൂന്ന് വര്‍ഷമായി ഫറോക്ക് പാലത്തിനടിയില്‍ കഴി‍ഞ്ഞ യുവാവിനെ അഭയ കേന്ദ്രത്തിലെത്തിച്ചു
avatar image

NDR News

05 Feb 2022 06:57 AM

ഫറോക്ക്: മൂന്ന് വർഷത്തിലധികമായി ഫറോക്ക് പഴയ പാലത്തിനടിയിൽ താമസിച്ചു വന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് അഭയ കേന്ദ്രത്തിലെത്തിച്ചു. കോഴിക്കോട് പൊറ്റമ്മൽ സ്വദേശിയായ നിഷാന്ത് എന്ന അപ്പു (22) ആണ് ഫറോക്കിലെ ഇരുമ്പ് പാലത്തിന്റെ ചുവട്ടില്‍ താമസമാക്കിയത്.പാലത്തിനുസമീപം പുഴയിൽ ചൂണ്ടയിടുന്നവർ പതിവായി യുവാവിനെ പാലത്തിനടിയിലെ മണ്ണിൽ കിടക്കുന്നത് കണ്ട് നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം സമീഷിനെ വിവരമറിയിക്കുകയായിരുന്നു.

      വീട് വിട്ടിറങ്ങി മൂന്ന് വർഷത്തോളമായി പാലത്തിനടിയിൽ കഴിച്ചു കൂട്ടുകയായിരുന്നു. പേരും മറ്റു വിവരങ്ങളും യുവാവ് തന്നെയാണ് വെളിപ്പെടുത്തിയത്. സമീഷും ഫറോക്ക് ടൗണിലെ ഓട്ടോ ഡ്രൈവർ ടി അനിൽ കുമാറും മത്സ്യ തൊഴിലാളികളായ നിഷാന്ത് ടി, ബാവ എന്നിവരും ചേർന്ന് യുവാവിനെ കൂട്ടി നഗരസഭാ ഓഫീസ് പരിസരത്തെത്തിച്ചു. ഇവര്‍ തന്നെ ശരീര ശുദ്ധി വരുത്തി പുതിയ വസ്ത്രങ്ങളും ഭക്ഷണവും നൽകി.

     പൊലീസ് അസി. കമീഷണർ എ.എം. സിദ്ദീഖ് ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യാറായില്ല. മാനസിക പ്രശ്നങ്ങളുള്ള യുവാവിന്റെ പിതാവ് അമ്മയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചു കഴിയുകയാണെന്നും അമ്മ ഹോം നഴ്സ് ആയി ജോലി നോക്കി വരികയാണെന്നുമാണ് വിവരം.മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കുശേഷം യുവാവിനെ അഭയകേന്ദ്രത്തിലേക്ക്‌ മാറ്റി. പാലത്തിനടിയിൽ കഴിയുമ്പോൾ മീൻ പിടിക്കാനെത്തിയിരുന്നവർ കൊടുത്തിരുന്ന ഭക്ഷണവും സ്വന്തമായി ചൂണ്ടയിട്ടു കിട്ടുന്ന മീൻ ചുട്ട് കഴിച്ചുമാണ് ഇയാള്‍ കഴിഞ്ഞതെന്നും മീൻപിടിത്തക്കാർ പറയുന്നു.

NDR News
05 Feb 2022 06:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents