ബാലുശ്ശേരി ആഴ്ചച്ചന്തയും വിസ്മൃതിയിലേക്ക്
പരമ്പരാഗത കച്ചവടങ്ങൾ കുറഞ്ഞതോടെ ഗ്രാമീണ മേഖലയിൽ നിന്നുള്ള കച്ചവടക്കാർ കുറഞ്ഞു

ബാലുശ്ശേരി :ഒരു കാലത്ത് ജില്ലയിൽ തന്നെ ഏറെ അറിയപ്പെട്ടിരുന്ന ബാലുശ്ശേരി ആഴ്ച ചന്ത പ്രതാപം നഷ്ടപെട്ട് വിസ്മൃതിയിലേക്ക് നീങ്ങുകയാണോ? അങ്ങാടിയിലെ കമ്പിട്ട പറമ്പിൽ എന്ന വിശാലമായ സ്ഥലത്താണ് ചന്ത പ്രവർത്തിച്ചിരുന്നത്. ഇവിടെ ഇതര സംസ്ഥാനങ്ങളിൽനിന്നും വിവിധ ജില്ലകളിൽ നിന്നുമായി നൂറുകണക്കിന് ആടുമാടുകളെ വിൽപ്പനയ്ക്കെത്തിക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥലത്ത് വൻ കോൺ ക്രീറ്റ് കെട്ടിടങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ഇവിടെയിപ്പോൾ ഏതാനും ആടുമാടുകൾ മാത്രമാണ് വിൽപ്പനയ്ക്കെത്തുന്നത്.
ചന്തയിൽ വിൽപ്പന നടത്താൻ ഗ്രാമീണ മേഖലകളിൽ നിന്ന് വീടുകളിൽ നിർമിച്ച വിവിധ ഉൽത്പന്നങ്ങളുമായി ധാരാളം സ്ത്രീകളടക്കമുള്ളവർ എത്താറുണ്ടായിരുന്നു. എന്നാൽ പരമ്പരാഗത കച്ചവടങ്ങളെല്ലാം തീരേ ഇല്ലാതായതോടെ ഇവരുടെ വരവും കുറഞ്ഞു. ആഴ്ചച്ചന്തയുടെ പ്രതാപം നഷ്ടപ്പെട്ടതോടെ നിരവധി ആളുകളുടെ ഉപജീവന മാർഗമാണ് വഴിമുട്ടിയത്.
കന്നുകാലികളെ ചന്തയിൽ കൊണ്ടുവന്ന് വിൽപ്പന നടത്തി ഉപജീവനത്തിനുള്ള വക കണ്ടെത്തുന്ന ധാരാളം പേരുണ്ടായിരുന്നു. അവരിൽ ഭൂരിപക്ഷം പേരും മറ്റു തൊഴിലു കളിലേക്ക് മാറിക്കഴിഞ്ഞു. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഏറ്റെടുത്ത് ആഴ്ചച്ചന്ത വിപുലീകരിച്ചാൽ ആഴ്ചച്ചന്തയുടെ നഷ്ടപ്പെട്ടപ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ പറയുന്നത്.