മണിയൂരിൽ കിണറ്റിലകപ്പെട്ട തൊഴിലാളിയെ രക്ഷിച്ചു
കിണറിൽ വീണയുടനെ കൂടെയുള്ളവര്‍ വെള്ളത്തിനു മുകളിൽ താങ്ങി നിർത്തുകയായിരുന്നു

വടകര: മണിയൂരില്‍ കിണറ്റിലകപ്പെട്ട തൊഴിലാളിയെ അഗ്നിശമനസേന രക്ഷിച്ചു. മണിയൂരിലെ കാരബ്രമീത്തൽ സത്യന്റെ വീട്ടിൽ കിണർനിർമാണ ജോലിക്കിടെ ഇന്നലെയാണ് സംഭവം നടന്നത്. 50 അടി താഴ്ചയുള്ള കിണറ്റിലാണ് എ എം രാജൻ (65) എന്ന തൊഴിലാളി വീണത്.
കിണറിൽ വീണയുടനെ ഇദ്ദേഹത്തെ കൂടെയുള്ള തൊഴിലാളികൾചേർന്ന് വെള്ളത്തിനുമുകളിൽ താങ്ങിനിർത്തി. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ ടി രാജീവന്റെ നേതൃത്വത്തിൽ സേന ഓടനെ സ്ഥലത്തെത്തി.
റെസ്ക്യൂ ഓഫീസർ സുഭാഷ് കിണറിലിറങ്ങി റെസ്ക്യൂനെറ്റിൽ രാജനെ കരയ്ക്കുകയറ്റി. കെ ബൈജു, രാഗിൻകുമാർ, അഖിൽബാബു, രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.