കോട്ടൂരിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീയിട്ടു; ഫയർഫോഴ്സ് എത്തി തീയണച്ചു
വാഹനങ്ങൾ എത്തിച്ചേരാത്ത സ്ഥലമായതിനാലും, വെള്ളം ലഭിക്കാൻ പ്രയാസമുള്ളതിനാലും സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് കിണർ മണ്ണിട്ട് മൂടി തീ കെടുത്തുകയായിരുന്നു.

കോട്ടൂർ: കോട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ മൂലാട് കള്ളാത്തറയിൽ യൂസഫ് എന്നയാളുടെ പറമ്പിലെ ഒഴിഞ്ഞ കിണറിൽ പലരും നിക്ഷേപിച്ച പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീയിട്ടു. ഇവ കത്തി പുകയാൻ തുടങ്ങിയതോടെ പരിസരവാസികൾക്ക് വലിയ പ്രയാസം നേരിട്ടു. പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് ഫയർഫോഴ്സിന്റെ സഹായമാവശ്യപ്പെട്ടതനുസരിച്ച് , അസി: സ്റ്റേഷൻ ഓഫീസർമാരായ സി കെ മുരളീധരൻ, കെ.ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്തെത്തി തീയണച്ചു.
വാഹനങ്ങൾ എത്തിച്ചേരാത്ത സ്ഥലമായതിനാലും, വെള്ളം ലഭിക്കാൻ പ്രയാസമുള്ളതിനാലും സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് കിണർ മണ്ണിട്ട് മൂടി തീ കെടുത്തുകയായിരുന്നു. ഐ. ബിനീഷ് കുമാർ, എ.ഷിജിത്ത്, പി.ആർ.സോജു, അൻവർ സ്വാലിഹ് , കെ .പി.ബാലകൃഷ്ണൻ എന്നീ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു.
പ്ലാസ്റ്റിക് ഭൂമിക്കും, ജീവ ജാലങ്ങൾക്കും സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് ചിന്തയില്ലാതെ പ്ലാസ്റ്റിക്ക് കത്തിക്കുന്നവരുടേയും ഒഴിഞ്ഞ കിണറുകളിൽ നിക്ഷേപിക്കുന്നവരുടേയും , കുഴിച്ചുമൂടുന്നവരുടേയും എണ്ണം അനുദിനം കൂടി വരുന്നതായി സേനാംഗങ്ങൾ പറഞ്ഞു.