സർവ്വ ചരാചരങ്ങളോടുമുള്ള സഹാനുഭൂതിയാണ് ഈശ്വരാരാധന: സ്വാമി ചിദാനന്ദപുരി
സേവാഭാരതി മേപ്പയ്യൂർ മഠത്തുംഭാഗത്ത് നിർമ്മിക്കുന്ന മാതൃസദനത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേപ്പയൂർ: സർവ്വ ചരാചരങ്ങൾക്കുമായി നടത്തുന്ന സേവാ പ്രവർത്തനങ്ങളാണ് യഥാർത്ഥ ഈശ്വരാരാധനയെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു.
ആതുരരും അശരണരും നിരാലംബരുമായ അമ്മമാർക്ക് വേണ്ടി സേവാഭാരതി മേപ്പയ്യൂർ മഠത്തുംഭാഗത്ത് നിർമ്മിക്കുന്ന മാതൃസദനത്തിൻ്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃസദനം എന്ന സങ്കല്പം തികച്ചും ദു:ഖകരമാണെങ്കിലും ആനുകാലിക യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ നാം തയ്യാറാകണം. വൃദ്ധമാതാക്കളെ ഉപേക്ഷിക്കാനുള്ള സങ്കേതങ്ങളാകരുത് ഇത്തരം സദനങ്ങളെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ദേശീയ സേവാഭാരതി കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി സി. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി മാതാ അമൃതാനന്ദമയീമഠം മഠാധിപതി ബ്രഹ്മചാരി സുമേധാമൃതചൈതന്യ,
ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീനിലയം വിജയൻ, മജീദ് ഉസ്താദ് വടകര, ഗീത ഐക്യമഠം, പി.പി.അശോകൻ, പറമ്പാട്ട് രാജൻ, രാജീവൻ ആയടത്തിൽ, സുരേഷ് മാതൃകൃപ, രാജഗോപാൽ അഭിരാമം, രതീഷ് അമൃതപുരി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മാതൃസദന നിർമ്മാണ നിധി സമർപ്പണവും നടന്നു.