കൊയിലാണ്ടിയിൽ റെഡ്ക്രോസ് വളണ്ടിയർമാർക്ക് പരിശീലനം നൽകി
മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പുതുതായി എൻട്രോൾ ചെയ്യപ്പെട്ട വളണ്ടിയർമാർക്കായി ഫസ്റ്റ് മെഡിക്കൽ റെസ്പോണ്ടർ പരിശീലനം നൽകി. വളണ്ടിയർമാരുടെ ദുരന്തനിവാരണ ശേഷി കൂട്ടുന്നതിനായുള്ള റെഡ് ക്രോസ് സ്റ്റേറ്റ് ബ്രാഞ്ചിന്റെ പദ്ധതിയാണ് ഫസ്റ്റ് മെഡിക്കൽ റെസ്പോണ്ടർ (എഫ് എം ആർ). പ്രകൃതി ദുരന്തങ്ങളും മറ്റ് അപകടങ്ങളും വര്ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശീലനം നൽകുന്നത്.
കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ സി പി മണി വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
റെഡ് ക്രോസ് താലൂക്ക് ചെയർമാൻ കെ. കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, സെക്രട്ടറി ദീപു മൊടക്കല്ലൂർ , ക്യാപ്റ്റൻ പി. വി. മാധവൻ, സി. ബാലൻ, ബിജിത്ത് ആർ. സി, സബ കെ. കെ. ഫാറൂഖ് , ഉണ്ണി കുന്നോൽ, എം. ജി. ബാൽരാജ് എന്നിവർ സംസാരിച്ചു.

