മുളിയങ്ങൽ കരുവണ്ണൂർ ചെറിയ കനാലിൽ വെള്ളമെത്തിയില്ല; ജലക്ഷാമം രൂക്ഷം
രൂക്ഷമായ വരൾച്ച കാരണം കൃഷികൾ നശിക്കുകയാണ്
നടുവണ്ണൂർ: മുളിയങ്ങൽ കരുവണ്ണൂർ ചെറിയ കനാൽ ഇനിയും തുറക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മുളിയങ്ങൽ വലിയ കനാൽ തുറന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും അതിൽ നിന്ന് ആരംഭിക്കുന്ന മുളിയങ്ങൽ കരുവണ്ണൂർ ചെറിയ കനാൽ തുറക്കാത്തത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
വേനൽ രൂക്ഷമായതോടെ വരൾച്ച കാരണം കൃഷികൾ നശിക്കുകയാണ്. വേനൽക്കാലത്ത് കനാൽ വെള്ളത്തെ ആശ്രയിക്കുന്ന ഒട്ടേറെ കുടുംബങ്ങളും ഇപ്പോൾ ദുരിതത്തിലാണ്.
കനാലിൽ വെള്ളമെത്തുന്നതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും. കഴിഞ്ഞവർഷം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാൽ നന്നാക്കിയിരുന്നെങ്കിലും ഈ വർഷം ഇത്തരം നടപടികൾ പൂർത്തിയാക്കിയിട്ടില്ല. നൊച്ചാട്, നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ ഇപ്പോൾ രൂക്ഷമായ ജല ക്ഷാമം നേരിടുകയാണ്.

