ആനപ്പാറ ക്വാറിക്ക് നിലവിൽ നിയമതടസമില്ല - ആർ. ഡി. ഒ.
ക്വാറി പ്രവർത്തനം പൂർണമായും നിർത്തിവെപ്പിക്കുക എന്ന ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം യോഗം തള്ളി
മേപ്പയൂർ: കീഴരിയൂർ ആനപ്പാറ ക്വാറിയുടെ പ്രവർത്തനത്തിൽ നിയമ തടസമില്ലെന്ന് ആർ. ഡി. ഒ. ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വടകര റവന്യൂ ഡിവിഷണൽ ഓഫീസർ ബിജു സിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ക്വാറി പ്രവർത്തിക്കുന്നത് നിയമപരമായ എല്ലാ അനുമതിയോട് കൂടിയാണെന്നും പരിശോധനയിൽ നിയമ ലംഘനം കണ്ടതിൽ നടപടി സ്വീകരിച്ചതായും നിലവിലെ സാഹചര്യത്തിൽ ക്വാറിയുടെ പ്രവർത്തനം നിർത്തി വെക്കേണ്ടതില്ലെന്നും ജില്ലാ ജിയോളജിസ്റ്റ് യോഗത്തിൽ അറിയിച്ചു.
ക്വാറി പ്രവർത്തനം പൂർണമായും നിർത്തിവെപ്പിക്കുക എന്ന ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം യോഗത്തിൽ അംഗീകരിച്ചില്ല. ഖനനം നിർത്തിവെച്ച തീരുമാനം പുനപരിശോധിക്കുന്നതിനും ക്വാറിയുടെ സമീപത്തെ വീടുകൾ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പരിശോധിച്ച് ആവശ്യമായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന മുറയ്ക്ക് ക്വാറി ഉടമകൾ നടപടി സ്വീകരിക്കുന്നതിനും, ക്വാറി ഉടമകൾ ലൈസൻസിലേയും, പെർമിറ്റിലേയും നിബന്ധനനിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥർക്കും യോഗത്തിൽ റവന്യൂ ഡിവിഷണൽ ഓഫീസർ ബിജു സി നിർദ്ദേശം നൽകി.
യോഗത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമല, ജില്ലാ ജിയോളജിസ്റ്റ് രശ്മി പി. സി, തഹസിൽദാർ സി. പി. മണി, സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

