ജില്ലയിലെ സ്റ്റേഷനുകളിൽ എട്ട് മണിക്കൂർ ജോലി നടപ്പാക്കണം - കേരളാ പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം
പ്രതിനിധി സമ്മേളനം ടി. പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ എട്ടു മണിക്കൂർ ഡ്യൂട്ടി നടപ്പാക്കണമെന്ന് കേരളാ പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ടി. പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പെരുവണ്ണാമൂഴി, മേപ്പയൂർ പോലീസ് സ്റ്റേഷനുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനമായി.
സ്റ്റേഷനുകളിൽ ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങൾ ഉണ്ടാവണം. ഉപയോഗ ശൂന്യമായ ക്വാർട്ടേഴ്സ് പൊളിച്ച് പുതിയത് നിർമിക്കാനും വടകര, കൊയിലാണ്ടി, ബാലുശ്ശേരി സ്റ്റേഷനുകൾ വിഭജിച്ച് പുതിയ സ്റ്റേഷനുകൾ ആരംഭിക്കാനും പ്രമേയം പാസ്സാക്കി.
ജില്ലാ പോലീസ് സൂപ്രണ്ട് ഡോ: എ. ശ്രീനിവാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് വി. പി. സുരേഷ് അധ്യക്ഷനായ ചടങ്ങിൽ അഡീഷണൽ എസ്.പി. എം. പ്രദീപ് കുമാർ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. ആർ. ഷിനോദാസ്, ജില്ലാ സെക്രട്ടറി കെ. കെ. ഗിരീഷ്, സംസ്ഥാന ജോയന്റ് സെക്രട്ടറി ഇ. വി. പ്രദീപൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ജി. പി. അഭിജിത്ത്, കോഴിക്കോട് സിറ്റി പ്രസിഡന്റ് പി. രഗീഷ്, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ. വിജയൻ, പി. സുഖിലേഷ്, രജീഷ് ചെമ്മേരി, സ്വാഗതസംഘം ജനറൽ കൺവീനർ എം. രഞ്ജിഷ്, വി. പി. സുനിൽ, കെ. ജി. രജനി തുടങ്ങിയവർ സംസാരിച്ചു.

