പേരാമ്പ്ര ബ്ലാക്കിലെ മികച്ച പഞ്ചായത്തുകൾക്ക് ആദരം
നൊച്ചാട്, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, കായണ്ണ, ചെറുവണ്ണൂർ, പേരാമ്പ്ര പഞ്ചായത്തുകൾക്ക്
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്പരിധിയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച പഞ്ചായത്തുകൾക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആദരവ് പരിപാടി സംഘടിപ്പിച്ചു. പദ്ധതികളുടെ നടത്തിപ്പിലും ആസൂത്രണത്തിലും മികവ് പുലർത്തിയ ഏഴ് പഞ്ചായത്തുകളെയാണ് ആദരിച്ചത്. വേറിട്ട പദ്ധതികൾ നടപ്പിലാക്കുന്നതിലെ ശ്രദ്ധയും പഞ്ചായത്തുകളെ അംഗീകാരത്തിന് അർഹരാക്കി. നൊച്ചാട്, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, കായണ്ണ, ചെറുവണ്ണൂർ, പേരാമ്പ്ര പഞ്ചായത്തുകളെയാണ് ആദരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സുനിൽ (ചക്കിട്ടപാറ), ഉണ്ണി വേങ്ങേരി (ചങ്ങരോത്ത്), ശാന്ത പട്ടേരി കണ്ടി (നൊച്ചാട് ) വി.കെ. പ്രമോദ് (പേരാമ്പ്ര), കെ.കെ ബിന്ദു (കൂത്താളി), സി.കെ ശശി (കായണ്ണ), പ്രവിത വൈസ് പ്രസിഡന്റ് (ചെറുവണ്ണൂർ) എന്നിവർ അതാത് പഞ്ചായത്തുകൾക്ക് വേണ്ടി ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
പേരാമ്പ്ര എം.എൽ.എ , ടി.പി രാമകൃഷ്ണൻ വിവിധ ഗ്രാമ പഞ്ചായത്തുകൾക്ക് ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ശശികുമാർ പേരാമ്പ്ര സ്വാഗതവും ബി.ഡി.ഒ പി.വി ബേബി നന്ദിയും പറഞ്ഞു. ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എം. കുഞ്ഞമ്മത് മാസ്റ്റർ അംഗങ്ങളായ എ.കെ ചന്ദ്രൻ, എസ്.കെ. അസ്സൈനാർ ബ്ലോക്ക് അംഗങ്ങളായ കെ.സജീവൻ മാസ്റ്റർ, ഗിരിജാ ശശി എന്നിവർ ആശംസകൾ നേർന്നു.

