ഫാസ്റ്റ് ഫുഡ് കടയിൽ വൃത്തിഹീനമായ ഭക്ഷണ വിതരണം; പരാതിയ്ക്കൊരുങ്ങി യുവതി
ആരോഗ്യ വകുപ്പിനും ഫുഡ് ആന്റ് സേഫ്റ്റി വകുപ്പിനും പരാതി നൽകും
ഉള്ള്യേരി : കന്നൂരിലെ ഫാസ്റ്റ് ഫുഡ് കടയിൽ ഭക്ഷണം വിതരണം ചെയ്യുന്നത് വൃത്തിഹീനമായെന്ന് വീട്ടമ്മയുടെ പരാതി. കഴിഞ്ഞ ദിവസം കൊയിലാണ്ടി ഭാഗത്ത് നിന്ന് സ്കൂട്ടറില്‍ വരുമ്പോള്‍ പാര്‍സല്‍ ഭക്ഷണം വാങ്ങാനെത്തിയ യുവതിയാണ് ഹോട്ടലില്‍ വൃത്തിഹീനമായി ഭക്ഷണം കൈകാര്യം ചെയ്യുന്നത് ശ്രദ്ധയില്‍ പെടുത്തിയത്. യുവതി ഇക്കാര്യം ഹോട്ടലുടമയോട് പറഞ്ഞപ്പോള്‍ അയാള്‍ യുവതിയോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. തനിക്ക് ഇങ്ങനെ മാത്രമേ ചെയ്യാന്‍ പറ്റൂ എന്ന രീതിയില്‍ ഉടമ പെരുമാറുകയും ചെയ്തതായി യുവതി പരാതിപ്പെട്ടു.
തന്റെ കൺമുന്നിൽ വെച്ച് കടക്കാരൻ പല ജോലികള്‍ ചെയ്ത് വന്ന ശേഷം കൈ വൃത്തിയാക്കുകയോ കവറോ ഗ്ലൗസോ ഉപയോഗിക്കുകയോ ചെയ്യാതെ ഭക്ഷണം എടുത്ത് പാക്ക് ചെയ്യുന്നത് ചോദ്യം ചെയ്തപ്പോഴാണ് ഉടമ മോശമായി പെരുമാറിയതെന്ന് യുവതി പറഞ്ഞു.
ഭക്ഷണ സാധനങ്ങൾ ശരിയായി രീതിയില്‍ അടച്ച് വെക്കാതിരിക്കുകയും ചെയ്ത നിലയിലായിരുന്നുവത്രേ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കടക്കാരന്റെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആരോഗ്യ വകുപ്പിനും ഫുഡ് ആന്റ് സേഫ്റ്റി വകുപ്പിനും പരാതി നൽകിയിട്ടുണ്ടെന്ന് യുവതി നടുവണ്ണൂർ ന്യൂസിനോട് പറഞ്ഞു.

