താമരശ്ശേരിയിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം
ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

താമരശ്ശേരി: മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. സംസ്ഥാന പാതയിൽ ചുങ്കം - ബാലുശ്ശേരി റോഡിലാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. കടയിലേക്ക് പാഞ്ഞുകയറിയ പന്നി സാധനം വാങ്ങാനെത്തിയ യുവാവിനെയും കുത്തി പരിക്കേൽപ്പിച്ചു.
ടെക്നോ ഗ്രൂപ്പ് ഗ്ലാസ് ആൻ്റ് ഹാർഡ്‌വേർ എന്ന കടയിലേക്ക് ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് പന്നി ഓടിക്കയറിയത്. കടയിലെ സാധനങ്ങൾ നശിപ്പിച്ച പന്നി സാധനം വാങ്ങാൻ എത്തിയ യുവാവിനെയും കുത്തി പരിക്കേൽപ്പിച്ചു. അൽ ഇർഷാദ് ആർട്സ് ആൻ്റ് സയൻസ് വിമൻസ് കോളേജ് അധ്യാപകനായ ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തിൽ ലിജോ ജോസഫ് (33)നാണ് പരിക്കേറ്റത്.
അര മണിക്കൂറിനു ശേഷം കയ്യേലിക്കുന്ന് സമാന രീതിയിൽ പന്നിയുടെ ആക്രമണമുണ്ടായി. കയ്യേലി കുന്നിൽ പള്ളിക്ക് സമീപം വീട്ടുമുറ്റത്തുണ്ടായിരുന്ന ജുബൈരിയ (34), മകൾ ഫാത്തിമ നജ (12) എന്നിവർക്കാണ് പരിക്കേറ്റത്.