ഇരിങ്ങലിൽ വാഹനപരിശോധനയ്ക്കിടെ വിദേശമദ്യം പിടികൂടി
18.72 ലിറ്റർ മാഹി വിദേശ മദ്യമാണ് പിടികൂടിയത്

പയ്യോളി: വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ കടത്തുകയായിരുന്ന 18.72 ലിറ്റർ മാഹി വിദേശ മദ്യം പിടികൂടി. കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ ഇരിങ്ങൽ സ്വദേശി ബാബുവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
പയ്യോളി, അയിനിക്കാട്, ഇരിങ്ങൽ എന്നിവിടങ്ങളിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കോട്ടയ്ക്കൽ ഇരിങ്ങൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം ഇയാളെ പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച KL 56 U 2778 നമ്പർ സ്കൂട്ടർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 180 മില്ലിലിറ്ററിൻ്റെ 104 കുപ്പി മാഹി വിദേശമദ്യമാണ് പിടിച്ചെടുത്തത്.
ഇയാൾക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി അസിസ്റ്റൻ്റ് എക്സൈസ് ഇൻസപെക്ടർ കെ.എൽ. റിമേഷ് അറിയിച്ചു. ഒരു മാസമായി ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നെന്നും ഇതിന് മുൻപ് പലതവണ ഇയാളെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.