വയലടയിൽ കെ.എസ്.ആർ.ടി.സി. ബസ്സിനു മുകളിൽ മരം വീണു
ബസ്സിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
ബാലുശ്ശേരി: ഇന്നലെ വൈകീട്ടുണ്ടായ കാറ്റിലും മഴയിലും കെ.എസ്.ആർ.ടി.സി. ബസിന് മുകളിൽ മരം വീണു. അപകടത്തിൽ ബസ്സിൻ്റെ മുൻ ഭാഗത്തെ ചില്ലുകൾ പൂർണമായും തകർന്നു. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തോരാടിനു സമീപം ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. വയലട - ബാലുശ്ശേരി - താമരശ്ശേരി റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറും കണ്ടക്ടറും മൂന്ന് യാത്രക്കാരുമാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. ഇവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മരം മുറിഞ്ഞ് വീഴുന്നത് കണ്ട ഡ്രൈവർ ഉടൻ ബസ് ബ്രേക്കിട്ടതാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷനേടാനായത്. മടക്ക യാത്രയായാതിനാൽ ആളുകൾ കുറവായതും അപകട തീവ്രത കുറച്ചു. മരം മുറിച്ചു മാറ്റിയ ശേഷം ബസ് ബാലുശ്ശേരി വരെ സർവീസ് നടത്തി.

