പുതിയപ്പുറത്തെ അപകട വളവ്; റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു എസ് വൈ എസ് സാന്ത്വനം
നിരന്തരമായി വാഹനാപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് താൽക്കാലിക പരിഹാരമായി സുന്നി യുവജനസംഘം കുന്നരംവെള്ളി യൂണിറ്റ് സാന്ത്വനം സമിതി റോഡ് സേഫ്റ്റി മിററുകൾ സ്ഥാപിച്ചത്.
നടുവണ്ണൂർ: ഉള്ളിയേരി - കുറ്റ്യാടി സംസ്ഥാന പാതയിൽ അപകടം തുടർക്കഥയായി മാറിയ പുതിയപ്പുറത്ത് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ച് എസ് വൈ എസ് സാന്ത്വനം. കുന്നരംവെള്ളിയിൽ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കയറ്റവും പെട്ടെന്നുള്ള വളവും ഒന്നിച്ചുള്ളതിനാൽ എതിർദിശകളിൽ നിന്നും അതിവേഗതയിൽ വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെടാതെ അപകടം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തിൽ ഇതിനകം അഞ്ച് ജീവനുകളാണ് നഷ്ടമായത്.
മൂലാട് നിന്ന് നടുവണ്ണൂരിലേക്കും, ബാലുശേരിയിൽ നിന്ന് കോട്ടൂർ വഴി പേരാമ്പ്രയിലേക്കും എളുപ്പം എത്തിച്ചേരാവുന്ന റോഡാണിത്. ഗവൺമെൻ്റ് എൽ പി സ്കൂൾ പെരവച്ചേരി, കുന്നരംവെള്ളി ജുമാമസ്ജിദ്, അത്തൂനി ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. അപകടം സംഭവിക്കുമ്പോൾ മാത്രം അധികാരികളുടെ ശ്രദ്ധ പതിയുന്ന ഈ മേഖലയിൽ നാട്ടുകാർ ശാശ്വത പരിഹാരം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
പഞ്ചായത്ത് ഭരണസമിതി ഫണ്ട് വകയിരുത്തിയെങ്കിലും സംസ്ഥാന പാത നവീകരണത്തിൻ്റെ ഭാഗമായി പ്രവർത്തനം തുടങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇരുചക്ര വാഹനങ്ങളും ചരക്കു കയറ്റിയ വലിയ വാഹനങ്ങളുമുൾപ്പെടെ നിരന്തരമായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് താൽക്കാലിക പരിഹാരമായി സുന്നി യുവജനസംഘം കുന്നരംവെള്ളി യൂണിറ്റ് സാന്ത്വനം സമിതി റോഡ് സേഫ്റ്റി മിററുകൾ സ്ഥാപിച്ചത്.
സംസ്ഥാന പാതയിലും കുന്നരംവെള്ളിയിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിലും ജുമാമസ്ജിദ് പരിസരത്തുമായി മൂന്ന് കണ്ണാടികളാണ് സ്ഥാപിച്ചത്. പദ്ധതിയുടെ സമർപ്പണം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു. കേരള മുസ് ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡൻ്റ് ജബ്ബാർ ഹാജി പുതിയപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. കേരള മുസ് ലിം ജമാഅത്ത് സർക്കിൾ പ്രസിഡൻ്റ് എസ് പി എച്ച് ജാഫർ സ്വാദിഖ് തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.
നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം സി കെ സോമൻ, കോട്ടൂർ ഗ്രാമ പഞ്ചായത്തംഗം മനോഹരൻ പെരവച്ചേരി, കുന്നരംവെള്ളി മഹല്ല് പ്രസിഡൻ്റ് കെ എം സൂപ്പി മാസ്റ്റർ, മഹല്ല് ജനറൽ സെക്രട്ടറി അഷ്റഫ് പുതിയപ്പുറം, എസ് വൈ എസ് പേരാമ്പ്ര സോൺ ജന.സെക്രട്ടറി യൂസുഫ് ലത്വീഫി, സോൺ സാന്ത്വനം സെക്രട്ടറി സജീർ വാളൂർ, പോലീസ് ഉദ്യോഗസ്ഥൻ ഖാദർ പാടാലിൽ, പി ടി നാസർ മുസ് ലിയാർ, ടി കെ അർഷാദ് സംസാരിച്ചു.

