ചങ്ങരോത്ത് മേഖലയിൽ ഇടിമിന്നലിൽ വൻ നാശനഷ്ടം
വൈദ്യുതോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു

പേരാമ്പ്ര: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ ചങ്ങരോത്ത് മേഖലയിൽ കനത്ത നാശനഷ്ടം. എടക്കാട് കുന്നുമ്മലിൽ റിയാസിന്റെ വീട്ടിലെ നടമതിലും ചുവരും തകർന്നു. നിലത്തു പതിപ്പിച്ച ഗ്രാനൈറ്റും പൊട്ടിപ്പൊളിഞ്ഞു. ഫാൻ, ബൾബ്, സ്റ്റെബുലൈസർ ഉൾപ്പെടെയുള്ള വൈദ്യുത ഉപകരണങ്ങളും മെയിൻ സ്വിച്ചും ബ്രേക്കറുമുൾപ്പെടെ കത്തിനശിച്ചു.
ഇതിനു സമീപത്തെ എ. കെ. സാജിത്ത്, വി. പി.ഇബ്രാഹിം, എ. കെ. നാരായണൻ എന്നിവരുടെ വീടുകളും നാശനഷ്ടമുണ്ടായി. എ. കെ. നാരായാണന്റെ ഭാര്യ സീമയ്ക്ക് ഇടിമിന്നലിൽ പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമാണ് ഉണ്ടായത്.