ഉള്ളിയേരി വില്ലേജ് ഓഫീസിന് സമീപം കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

ഉള്ളിയേരി : ഉള്ളിയേരി വില്ലേജ് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കന്നൂരിലെ പരക്കണ്ടി മീത്തൽ ഗംഗാധരൻ (61)ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ വീട്ടിൽ നിന്നും കന്നൂർ അങ്ങാടിയിലേക്ക് നടന്നു വരുമ്പോഴായിരുന്നു അപകടം. കന്നൂരിലുള്ള ഉള്ളിയേരി വില്ലേജ് ഓഫീസിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഉള്ളിയേരി നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ തട്ടി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇദ്ദേഹം പരമ്പരാഗത മത്സ്യതൊഴിലാളിയാണ്. ഭാര്യ പുഷ്പ. മക്കൾ :ഗംഗേഷ് (കേരള പോലീസ്, കാക്കൂർ സ്റ്റേഷൻ), ഗംഗ.മരുമക്കൾ: ബൈജു കുറുവങ്ങാട്, അശ്വതി ബാലുശ്ശേരി. സഹോദരങ്ങൾ: സജിനി ചേലിയ, പരേതനായ ബാലകൃഷ്ണൻ. ശവസംസ്കാരം ചൊവ്വ പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.