കക്കയം ഡാം റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചു
റോഡിന്റെ വശം കോൺക്രീറ്റ് ചെയ്ത് സംരക്ഷണഭിത്തി നിർമിക്കുന്ന ജോലി ഇതിനോടകം പൂർത്തിയായി
കക്കയം: തകർന്ന കക്കയം ഡാം സൈറ്റ് റോഡിൻ്റെ നവീകരണപ്രവൃത്തികൾ തുടങ്ങി. മുൻ വർഷങ്ങളിലെ മഴയിൽ ഉരുൾപൊട്ടലുണ്ടായി റോഡ് ഒലിച്ചുപോവുകയും വലിയരീതിയിൽ തകരുകയും ചെയ്ത ഭാഗങ്ങൾ ഉൾപ്പെടെയാണ് പുനർനിർമിക്കുന്നത്.
കക്കയം വാലിക്ക് സമീപം റോഡിന്റെ വശം തകർന്ന ഭാഗത്തായി കോൺക്രീറ്റ് ചെയ്ത് സംരക്ഷണഭിത്തി നിർമിക്കുന്ന ജോലി ഇതിനോടകം പൂർത്തിയായി. ഇതിനടുത്തുതന്നെ മറ്റൊരുഭാഗത്തും റോഡിന്റെ അടിവശം മുതൽ താഴെനിന്ന് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ഡാം സൈറ്റിനടുത്തും സംരക്ഷണഭിത്തി നിർമിക്കാനുണ്ട്. കോണിപ്പാറഭാഗത്ത് ഉരുൾപൊട്ടലിൽ തകർന്ന കലുങ്കിൻ്റെ പുനർനിർമാണം പൂർത്തിയായി.
3. 3 കോടി രൂപയുടെ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. 2.46 കോടി രൂപയുടെ പ്രവൃത്തികൾക്ക് കൂടി ഇതിനൊപ്പം അനുമതിയായിട്ടുണ്ട്. ശേഷിച്ച പ്രവൃത്തികളും എത്രയുംപെട്ടെന്ന് പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. കക്കയം ടൗണിൽനിന്ന് 14 കിലോമീറ്റർ ദൂരം യാത്രചെയ്താണ് കക്കയം ഡാം സൈറ്റിൽ എത്തുന്നത്. ഇതിൽ ഏതാനും കിലോമീറ്റർദൂരം മാത്രമാണ് ജനവാസമേഖല. പിന്നീട് വനമേഖലയിൽകൂടെ കടന്നുപോകുന്ന റോഡിൻ്റെ ഒരുഭാഗത്ത് പാറക്കെട്ടുകളും മറുഭാഗത്ത് ആഴമേറിയ കൊക്കയുമാണ്.
അതിതീവ്ര മഴ ലഭിച്ച മുൻവർഷങ്ങളിൽ ഒന്നിലധികം സ്ഥലത്ത് ഉരുൾപൊട്ടലുണ്ടായി റോഡ് ഒലിച്ചുപോയിരുന്നു. നവീകരണത്തിന് വലിയതുക വേണമെന്നതിനാൽ ഫണ്ടനുവദിക്കുന്നതുവരെ പ്രവൃത്തി നീണ്ടുപോവുകയായിരുന്നു.

