വൃദ്ധ മാതാവിന് തുണയായി ദൈവ ദൂതനായി ദാസൻ
സ്വന്തം ജീവൻ പണയം വെച്ച് ദാസൻ നടത്തിയ ഇടപെടലാണ് 85 കാരിക്ക് പുതുജീവൻ നൽകിയത്

ചെങ്ങോട്ടുകാവ്: ഇരമ്പിയെത്തിയ തീവണ്ടി എൻജിനും ജീവിതത്തിനുമിടയിലെ സെക്കൻ്റുകൾ. എല്ലാം അവസാനിക്കുന്നതിന് മുൻപ് ദൈവദൂതനായി ദാസൻ എത്തിയപ്പോൾ തിരിച്ചു കിട്ടിയത് വൃദ്ധ മാതാവിൻ്റെ ജീവൻ. റെയിൽവേ പാളത്തിൽ പൊലിഞ്ഞു പോകുമായിരുന്ന വയോധികയ്ക്ക് പുതുജീവൻ നൽകിയത് ദാസൻ നടത്തിയ ജീവൻ മരണ പോരാട്ടമായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെ ചെങ്ങോട്ടുകാവ് ഓവർ ബ്രിഡ്ജിനു സമീപമായിരുന്നു സംഭവം. ട്രെയിൻ വരുന്നതറിയാതെ റെയിൽവേ ട്രാക്കിലൂടെ നടന്ന വൃദ്ധമാതാവിനെ സ്വന്തം ജീവൻ മറന്നാണ് ദാസൻ അതിസഹസികമായി രക്ഷിച്ചത്. വയോധിക റെയിൽ പാലത്തിലൂടെ നടക്കുമ്പോൾ കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന തീവണ്ടി എഞ്ചിൻ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഇതേസമയം, സമീപ റോഡിലൂടെ പോയിരുന്ന ദാസൻ തീവണ്ടി വരുന്നത് കണ്ട് ഓടിയെത്തുകയായിരുന്നു. ജീവൻ പണയം വെച്ച് ട്രാക്കിലേക്ക് ഓടിയെത്തി അവരെ എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു.
ദാസന്റെ അവസരോചിതമായ ഇടപെടൽ ഒരു ജീവൻ രക്ഷിച്ചു. ഒരു ദൈവദൂതനെ പോലെ വന്ന ദാസനെ ചേർത്ത് പിടിച്ച് ആ മാതാവ് അനുഗ്രഹിച്ചു. തുടർന്ന് അവരെ ബന്ധുക്കളെ ഏല്പിച്ച ശേഷമാണ് ദാസൻ വീട്ടിലേക്ക് മടങ്ങിയത്. ഒരു ജീവൻ രക്ഷിക്കനായതിന്റെ ചാരുഥാർഥ്യത്തിലാണ് ദാസൻ. സിവിൽ ഡിഫെൻസ് കൊയിലാണ്ടി യൂണിറ്റ് അംഗമാണ് ദാസൻ.