റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റ് മോഷണം പോയി
ബൈക്ക് മോഷണം ഈ മേഖലയിൽ പതിവായിരിക്കുകയാണ്
മുക്കം: കോഴിക്കോട് മുക്കം റൂട്ടിൽ അഗസ്ത്യൻ മുഴിക്കടുത്ത പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ബുള്ളറ്റ് ഇന്നലെ രാത്രി മോഷണം പോയി. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന കെ.എൽ. 57 ബി 30 17 റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് അർദ്ധരാത്രിയിൽ മോഷ്ടിച്ചു കൊണ്ടുപോയത്. സമീപത്തെ സിസിടിവി കളിൽ മോഷണ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
മോഷണം സംബന്ധിച്ച് വാഹനം ഉടമ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുക്കം മേഖലയിൽ സമീപകാലത്തായി ഇരുചക്ര വാഹനം മോഷണം വ്യാപകമായതിനെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് മോഷണ സംഭവങ്ങൾ കുറയുകയും ചെയ്തു.ഇതിനിടയാണ് വീണ്ടും മോഷണ സംഭവം റിപ്പോർട്ട് ചെയ്തത്. ഏതാണ്ട് ഒരു വർഷം മുമ്പ് നെല്ലിക്കാപറമ്പ് വച്ച് റോയൽ എൻഫീൽഡ് ബുള്ളറ്റ് മോഷണം പോയിരുന്നു. ചേനാട് ചെറുവാടി ഭാഗങ്ങളിലും മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇടവേളയ്ക്കുശേഷം വാഹന മോഷണക്കേസുകൾ വ്യാപകമായതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പോലീസ് അധികാരികൾ .ഇതിൻറെ ഭാഗമായി നൈറ്റ് പെട്രോളിംഗ് ഉൾപ്പെടെ ശക്തമാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

