ചേർമലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും
ജലജീവൻ മിഷനിലൂടെ ചേർമല നിവാസികൾക്ക് ഉടൻ വെള്ളമെത്തും

പേരാമ്പ്ര: പേരാമ്പ്രയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുന്ന പ്രദേശമാണ് ചേർമല. മലമുകളിലെ നിരപ്പായ പാറക്കെട്ടുകളും പുൽ തകിടിയും ഏതൊരാളിൻ്റെയും മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്. നരിമഞ്ച എന്ന ചെങ്കൽ ഗുഹയും പ്രദേശത്തിൻ്റെ സവിശേഷതയാണ്.
എന്നാൽ കുടിവെള്ളം ചേർമല നിവാസികളുടെ ചിരകാല പ്രശ്നമായിരുന്നു. ഗ്രാമ പഞ്ചായത്തിൻ്റെ ഇടപെടലോടെ ഇതിന് പരിഹാരമാവുകയാണ്. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രദേശത്ത് ജലവിതരണം സാധ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് ടാങ്ക് നിർമ്മിക്കാനും തീരുമാനമായി. ടാങ്ക് നിർമ്മിക്കാൻ പഞ്ചായത്ത് സ്ഥലം വിട്ടുനൽകി.
ടാങ്ക് നിർമ്മിക്കാനാവശ്യമായ സ്ഥലം പഞ്ചായത്ത് ഭൂമിയിൽ നിന്നും കൈമാറി പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന സിപിഐഎം കിഴിഞ്ഞാണ്യം വെസ്റ്റ് ബ്രാഞ്ചിൻ്റെ നിരന്തരമായ അഭ്യർത്ഥനയും ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കുന്നതോടെ പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ ചേർമല ഉൾപ്പെടുന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും.