കളിച്ച്, പഠിച്ചു വളരാം; മേപ്പയ്യൂരില്‍ 18 ക്രാഡില്‍ അംഗൻവാടികൾ
ക്രാഡില്‍ അംഗൻവാടികളുടെ ഉദ്ഘാടനം നാളെ

മേപ്പയൂർ: ഗ്രാമപഞ്ചായത്തിലെ പതിനെട്ട് അംഗൻവാടികൾ ക്രാഡിൽ അംഗൻവാടികളായി ഉയർത്തി. നിലവിലെ അംഗൻവാടികളെ ആധുനികവത്ക്കരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്കും മാറ്റുകയാണ് ക്രാഡില്‍ അംഗൻവാടികളിലൂടെ ലക്ഷ്യമിടുന്നത്. ശിശു സൗഹൃദമാക്കി പെയിന്റ് ചെയ്യുന്നതോടൊപ്പം ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, കളിയുപകരണങ്ങള്‍, സ്മാര്‍ട്ട് ബോര്‍ഡ് എന്നിവയും സ്ഥാപിക്കും. അങ്കണവാടി കെട്ടിടത്തിന് പുറത്ത് കിഡ്സ് ടര്‍ഫ്, അടുക്കളത്തോട്ടം എന്നിവയും ഒരുക്കും.
കുട്ടികളുടെ പോഷണകുറവ് പരിഹരിക്കുന്നതിനായി അങ്കണവാടികളില്‍ ക്രാഡില്‍ മെനുവും തയാറാക്കിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെ പാല്‍, മുട്ട, പയറു വര്‍ഗങ്ങളുമുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങൾ ഉള്‍പ്പെടുത്തിയാണ് മെനു തയർക്കിയത്. ക്രാഡില്‍ അങ്കണവാടികളിലൂടെ പാലൂട്ടുന്ന അമ്മമാര്‍ക്ക് ന്യൂട്രി മാം, ഗര്‍ഭിണികള്‍ക്ക് ഗ്രാവി പ്രോ എന്നിവയും വിതരണം ചെയ്യും. സ്വയം വിലയിരുത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി 'ദ ക്രാഡില്‍' എന്ന പേരില്‍ ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ 2020-21, 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളിലുള്‍പ്പെടുത്തി 27 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 18 അംഗൻവാടികള്‍ ക്രാഡിലാക്കി ഉയര്‍ത്തിയത്. മൂന്ന് അംഗൻവാടികള്‍ കൂടി ക്രാഡിലാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി നാല് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ക്രാഡില്‍ അംഗൻവാടികളുടെ പഞ്ചായത്തുതല ഉദ്ഘാടനം ആഗസ്റ്റ് നാലിന് വിനയ സ്മാരക അംഗൻവാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജന്‍ അധ്യക്ഷത വഹിക്കും.