രണ്ടു വർഷം മുൻപെ പണിത കിണർ ഇടിഞ്ഞുതാഴ്‌ന്നു
സമീപത്തെ വീട് അപകട ഭീഷണിയിൽ

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിൽ രണ്ടു വർഷം മുൻപ് പണിത കിണർ ഇടിഞ്ഞു താഴ്ന്നു. മണപ്പുറം പടിഞ്ഞാറയിൽ ബഷീറിൻ്റെ വീടിനോട് ചേർന്നുള്ള കിണറാണ് പത്ത് മീറ്ററോളം താഴ്ന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. നാലു മോട്ടോറുകൾ സ്ഥാപിച്ച കിണർ ആറു കുടുംബങ്ങളാണ് ഉപയോഗിച്ച് വരുന്നത്.
ബഷീറും സമീപ വീട്ടുകാരായ കിഴക്യാടത്ത് ശശി, വാളിയിൽ മീത്തൽ അസൈനാർ, വാളിയിൽ മീത്തൽ അമ്മത് എന്നിവരുടെ നാല് മോട്ടോറുകളാണ് കിണറിൽ ഫിറ്റ് ചെയ്ത് വെള്ളം പമ്പ് ചെയ്തു കൊണ്ടിരിക്കുന്നത്. രണ്ട് വർഷം മുൻപ് രണ്ട് ലക്ഷത്തോളം രൂപ ചെലവിൽ അടി മുതൽ ആൾമറ വരെ ചെങ്കൽ ഉപയോഗിച്ച് കെട്ടിയിരുന്നു. കിണർ താഴ്ന്നതോടെ രണ്ട് മീറ്റർ മാത്രം അകലത്തിലുള്ള വീടും അപകട ഭീഷണി നേരിടുകയാണ്.