headerlogo
local

കൊല്ലപ്പെട്ട ഇർഷാദ് താമസിച്ചത് വയനാട്ടിലെ ലോഡ്ജിൽ

മുറിയെടുത്തത് സുഹൃത്തിൻ്റെ പേരിൽ

 കൊല്ലപ്പെട്ട ഇർഷാദ് താമസിച്ചത് വയനാട്ടിലെ ലോഡ്ജിൽ
avatar image

NDR News

05 Aug 2022 10:27 PM

പന്തിരിക്കര: കൊല്ലപ്പെട്ട ഇർഷാദ് താമസിച്ചത് വയനാട് വൈത്തിരിയിൽ ലോഡ്ജിലായിരുന്നുവെന്ന് റിപ്പോർട്ട്. ജൂൺ രണ്ടിന് ഇർഷാദിന്റെ സുഹൃത്ത് ഷെമീർ വൈത്തിരിയിലെ ലോഡ്ജിൽ മുറിയെടുത്തതായി ലോഡ്ജ് ഉടമ സ്ഥിരീകരിച്ചു. ജൂലൈ നാലിനാണ് സംഘം ഇർഷാദിനെ ലോഡ്ജിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്നും ലോഡ്ജ് ഉടമ വ്യക്തമാക്കി. പോലീസ് ലോഡ്ജിലെത്തി പരിശോധന നടത്തി.

       ചികിത്സ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഇർഷാദും ഷമീറും മുറിയെടുത്തത്. കാറിലെത്തിയ സംഘം ജൂലൈ നാലിന് ഉച്ചയ്ക്ക് ഇർഷാദിനെ കൂട്ടിക്കൊണ്ട് പോയതായാണ് വിവരം. തുടർന്ന് കഴിഞ്ഞ ജൂലൈ 17-ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തുകയും ഇത് ഇര്‍ഷാദിന്റേതാണെന്ന് ഡി.എൻ.എ. പരിശോധനയിൽ സ്ഥിരീകരിക്കുകയുമായിരുന്നു.

       അതേസമയം, പുഴയിൽ നീന്തുക എന്നത് ഇർഷാദിനെ സംബന്ധിച്ച് അത്ര പ്രയാസകരമായ കാര്യമല്ല എന്നാണ് പിതാവ് അറിയിച്ചത്. ചെറുപ്പം മുതൽക്കെ മണലെടുക്കാൻ പോകുന്നവരെ സഹായിക്കാൻ പോയിരുന്ന ഇർഷാദിന് നീന്തലില്‍ നല്ല പരിചയമുണ്ട്. നീന്തിക്കയറാൻ പറ്റാത്ത രീതിയിലുള്ള എന്തെങ്കിലും കഴിപ്പിക്കുകയോ മർദ്ദിച്ചതോ ആകാമെന്നാണ് നിഗമനം. അല്ലെങ്കിൽ രക്ഷപ്പെട്ട് പുഴ നീന്തിക്കടക്കാം എന്ന ആത്മവിശ്വാസത്തിൽ ചെയ്തതാകാനും സാധ്യതയുണ്ട്. തെറ്റിദ്ധരിപ്പിച്ച് പാലത്തിലെത്തിച്ച് കൊല്ലാനുള്ള ഉദ്ദേശത്തോടെ വാഹനത്തിൽ നിന്ന് ഇറക്കിയതാണോ എന്നും സംശയിക്കുന്നു.

       മേയ് 13-ന് ദുബായില്‍നിന്ന് നാട്ടിലേക്കെത്തിയ ഇര്‍ഷാദ് 23-ന് വീട്ടില്‍നിന്ന് ജോലിക്കെന്നു പറഞ്ഞ് വയനാട്ടിലേക്കുപോവുകയായിരുന്നു. തുടർന്ന് ജൂലായ് എട്ടിനാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. വിദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വര്‍ണം തിരികെനല്‍കിയില്ലെങ്കില്‍ ഇര്‍ഷാദിനെ കൊല്ലുമെന്നായിരുന്നു ഭീഷണി.

       സംഭവത്തില്‍ നാല് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ സ്വദേശി ജിനാഫ് (31), വൈത്തിരി സ്വദേശി ഷഹീല്‍ (26), പൊഴുതന സ്വദേശി സജീര്‍ (27) പിണറായി സ്വദേശി മര്‍സീദ് എന്നിവരാണ് അറസ്റ്റിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ വിദേശത്താണെന്നും ഇടയ്ക്ക് നാട്ടിലെത്തി ജൂലായ് മാസത്തില്‍ വിദേശത്തേക്ക് തിരികെപ്പോയതാണെന്നുമാണ് പോലീസ് കരുതുന്നത്.

NDR News
05 Aug 2022 10:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents