നാദാപുരത്ത് വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്
സ്ലാബിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ ജെസിബിയും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്
നാദാപുരം: പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ സൺഷൈഡ് അടർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. കക്കംപള്ളിയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ ദേഹത്തേക്ക് മുൻഭാഗത്തെ സൺഷേഡ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയായിരുന്നു.
കക്കംപള്ളിയിലെ കുന്നുംപുറത്ത് റീജയുടെ വീട്ടിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ രണ്ടുപേരെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. സ്ലാബിനടിയിൽ കുടുങ്ങിയ മറ്റൊരു തൊഴിലാളിയെ ജെസിബിയുടെയും ഫയർഫോഴ്സിന്റെയും സഹായത്തോടെയാണ് പുറത്തെടുത്തത്. അരമണിക്കൂറോളം ഇയാൾ സ്ലാബിനടിയിൽ കുടുങ്ങി കിടന്നു.
പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപതിയിലേക്ക് മാറ്റി. നാദാപുരം സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖിൻ്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

