കർമ്മ രംഗത്ത് ഒരു സംവത്സരം പൂർത്തിയാക്കി അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയർ
സഫലമായൊരു സംവത്സരം വാർഷികാഘോഷത്തിന് തുടക്കമായി

അരിക്കുളം: പ്രതീക്ഷ പാലിയേറ്റീവ് കെയർ സാന്ത്വന പരിചരണ മേഖലയിൽ ഒരു വർഷം പൂർത്തിയാക്കുന്നു. സഫലമായൊരു സംവത്സരം എന്ന തലക്കെട്ടിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വാർഷികാഘോഷത്തിന് തുടക്കമായി. പ്രതീക്ഷ എക്സിക്യൂട്ടീവ് മെമ്പർ ശ്രീധരൻ കണ്ണമ്പത്ത് പതാക ഉയർത്തി.
സന്നദ്ധ പ്രവർത്തകരുടെ സംഗമം തനിമ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ കെ. ഇമ്പിച്ചി അലി ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവും സംഗീത സംവിധായകനുമായ എം. എസ്. ദിലീപ് മുഖ്യാതിഥിയായി. ജീവകാരുണ്യ പ്രവർത്തകൻ സലാം തറമൽ ഉപഹാര സമർപ്പണം നിർവഹിച്ചു.
തണൽ അരിക്കുളം സെക്രട്ടറി കുഞ്ഞിമായൻ, ആവള മുഹമ്മദ്, ശ്രീധരൻ കണ്ണമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാലിയേറ്റീവ് ട്രെയിനർ എം. ജി. പ്രവീൺ സന്നദ്ധ പ്രവർത്തകരുമായി സംവദിച്ചു. പി. ദാമു നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമ്മദ് എടച്ചേരി സ്വാഗതവും പി. കെ. കെ. ബാബു നന്ദിയും പറഞ്ഞു.