കോരപ്പുഴയിൽ കോൺക്രീറ്റ് മാലിന്യം തള്ളുന്നു
പൊളിച്ചുമാറ്റിയ കോൺക്രീറ്റ് ബീമുകളും മറ്റുമാണ് പുഴയിലിടുന്നത്
കൊയിലാണ്ടി: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി കോരപ്പുഴയിൽ പുതിയപാലം നിർമിക്കുന്നതിന്റെ പേരിൽ കോൺക്രീറ്റ്മാലിന്യം നിക്ഷേപിച്ച്പുഴ നികത്തുന്നതായി പരാതി. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയതിന്റെ ഭാഗമായുള്ള കോൺക്രീറ്റ് ബീമുകളും മറ്റുമാണ് പുഴയിലിടുന്നത്.
പാലം നിർമാണത്തിനായി സാധാരണ പുഴയിൽ താത്കാലികമായി മണ്ണു നിറയ്ക്കാറുണ്ട്. കോൺക്രീറ്റ് മാലിന്യം പുഴയിൽ നിറയുന്നതോടെ മത്സ്യബന്ധനമടക്കം പ്രയാസമാകുമെന്ന് പുഴയിൽ സ്ഥിരം മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളും പരാതിപ്പെടുന്നു.
പാലം പ്രവൃത്തി കഴിഞ്ഞാൽ മണ്ണെടുത്തു മാറ്റി പുഴയുടെ ഒഴുക്കിന് സാഹചര്യ മുണ്ടാക്കുകയാണ് ചെയ്യുക. എന്നാൽ, ദേശീയ പാത വികസനത്തിനായുള്ള കരാറുകാർ വലിയ കോൺക്രീറ്റ് ബീമുകളും സ്ലാബുകളും മണ്ണിനോടൊപ്പം പുഴയിൽ തള്ളുന്നതിനാൽ പാലംനിർമാണം കഴിഞ്ഞാൽ ഇത്തരം കോൺക്രീറ്റ് മാലിന്യം പുഴയിൽത്തന്നെ കിടക്കുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക.പാലം നിർമാണത്തിനോ, പുഴയിൽ താത്കാലികമായി മണ്ണുനിറയ്ക്കുന്നതിനോ ആരും എതിർപ്പ് പ്രകടിപ്പിക്കുന്നില്ല.
നല്ല മണ്ണ് നിക്ഷേപിക്കുന്നതിനു പകരം പലഭാഗത്തുമുള്ള കക്കൂസ് മാലിന്യം കലർന്ന മണ്ണു പോലും ഇവിടെ എത്തിക്കുന്നതായി പുഴയോരവാസികൾ പറയുന്നു.

