പാറച്ചാൽ മല ഭൂമി ഏറ്റെടുക്കൽ; സംരക്ഷണ സമിതി ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു
പ്രധാന കുടിവെള്ള സ്രോതസ്സായ പാറച്ചാൽ മലയിൽ സ്വകാര്യ യൂണിവേഴ്സിറ്റിയും മറ്റു അനുബന്ധ നിർമാണങ്ങളും നടത്താനാണ് പദ്ധതി

പന്തിരിക്കര: കോക്കാട് - പാറച്ചാൽ മല കേന്ദ്രീകരിച്ചു തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഭൂമി വാങ്ങി കൂട്ടുന്നതിൽ ശക്തമായ പ്രതിഷേധമറിയിച്ച് പ്രദേശവാസികൾ കൺവെൻഷനും പ്രകടനവും സംഘടിപ്പിച്ചു. കോക്കാട്, പാറച്ചാൽ ആവടുക്ക മുതലായ വലിയൊരു ഭൂപ്രദേശത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ പാറച്ചാൽ മല മോഹവില നൽകി ഉടമകളിൽ നിന്ന് വാങ്ങി 30ഓളം ഏക്കറിൽ 170 കോടി രൂപ മുതൽ മുടക്കിൽ സ്വകാര്യ യൂണിവേഴ്സിറ്റിയും മറ്റു അനുബന്ധ നിർമാണങ്ങളും നടത്താനാണ് പദ്ധതി.
ഇത് പ്രദേശത്തെ പരിസ്ഥിതിയെ തകിടം മറിക്കുകയും കുടിവെള്ള പ്രശ്നങ്ങളും മാലിന്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നും 200 ഓളം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് പ്രധാന പ്രഭാഷകർ അഭിപ്രായപ്പെട്ടു.
പ്രവീൺ കുമാർ വി. സി. സ്വാഗതം പറഞ്ഞു. അനിരുദ്ധൻ ടി.വി. അധ്യക്ഷനായി. ചടങ്ങിൽ തുളസി ദാസ് വിഷയാവതരണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ സുഭീഷ് ഇല്ലത്ത് മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളുടെ പ്രതിനിധികളും തങ്ങളുടെ പിന്തുണ ഉറപ്പു നൽകി. വരാനിരിക്കുന്ന ദിവസങ്ങളിൽ പ്രതിഷേധം കനപ്പിക്കാനാണ് സമിതി യുടെ തീരുമാനം. 200 ഓളം പേർ പങ്കെടുത്ത പ്രകടനത്തോടെ കൺവെൻഷൻ സമാപിച്ചു.